സലാലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
ഇതുവരെയായി നാല് ലക്ഷത്തിലധികം സഞ്ചാരികളാണ് ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തിയത്
സലാലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് ശക്തമായി. ഇതുവരെയായി നാല് ലക്ഷത്തിലധികം സഞ്ചാരികളാണ് ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തിയത്. തുടർച്ചയായി പെയ്യുന്ന മഴ സലാലയാകെ കുളിരണിയിച്ചു. മലകൾക്ക് താഴെയുള്ള അരുവികളെല്ലാം നിറഞ്ഞൊഴുകയാണ് .ഐൻ ഖോർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളച്ചാട്ടവുമുണ്ട്.
സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വർധിച്ചു. ഇതുവരെയായി നാല് ലക്ഷത്തി മുപ്പതിനായിരം പേർ ഖരീഫ് ആസ്വദിക്കാൻ എത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ എട്ട് ശതമാനത്തിന്‍റെ വർധനവാണിത്. സഞ്ചാരികളിൽ അധികവും ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണവും കൂടിയിട്ടുണ്ട്. യൂറോപ്യൻ സന്ദർശകരുടെ എണ്ണം 45 ശതമാനം വർധിച്ചിട്ടുണ്ട്.
റോഡുകളിലെല്ലാം വാഹങ്ങളുടെ നീണ്ടനിരയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നതിന് സഞ്ചാരികൾക്ക് അധിക സമയം വേണ്ടിവരുന്നു .മഴ മൂലം ജബലുകളിൽ ചെളി നിറഞ്ഞതോടെ വാഹനങ്ങളും ചെളി പറ്റിയ നിലയിലാണ്. ഈ കാലാവസ്ഥ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ സലാലയിൽ എത്തുമെന്ന് തന്നെയാണ് കരുതുന്നത്.