ബലിപെരുന്നാളിന് റോഡ് സുരക്ഷ ശക്തമാക്കാന്‍ അബൂദബിയില്‍ കര്‍ശന നടപടികള്‍
ഈദ് സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് നടപടികള്‍
ബലിപെരുന്നാളിന് റോഡ് സുരക്ഷ ശക്തമാക്കാന്‍ അബൂദബിയില്‍ കര്‍ശന നടപടികള്‍. ഗതാഗത-പട്രോള്‍ വകുപ്പും അബൂദബി പൊലീസും ഹൈവേകളും ഉള്‍റോഡുകളും ആരാധനാലയങ്ങള്‍ക്ക് സമീപവും നിരീക്ഷണം ശക്തമാക്കി. 'ഈദ് സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് നടപടികള്‍.
ഗതാഗതനിയമങ്ങള്‍ പാലിച്ചും വേഗപരിധി ലംഘിക്കാതെയും എല്ലാവരുടെയും പെരുന്നാള്‍ ആഹ്ലാദകരമാക്കാന്‍ വാഹന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് തന്നെ കുറ്റകരമാണ്.
ജനങ്ങള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും മാര്‍ക്കറ്റുകള്‍ക്കും മാളുകള്‍ക്കും സമീപം ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ഏകോപന ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗൈത് ഹസ്സന്‍ ആല്‍ സആബി പറഞ്ഞു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം സൂക്ഷിക്കണം. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ പാര്‍ക്ക് ചെയ്യരുത്.
യുവാക്കളായ ഡ്രൈവര്‍മാരോട് മാന്യമായും ഉത്തരവാദിത്വത്തോടെയും വാഹനമോടിക്കാന്‍ അധികൃതര്‍ ആഹ്വാനം ചെയ്തു. അപകടകരമായ രീതിയിലുള്ള വാഹനമോടിക്കലും സ്റ്റണ്ടുകളും താമസ സ്ഥലങ്ങള്‍ക്ക് സമീപം വാഹനയോട്ട മത്സരം സംഘടിപ്പിക്കലും ജീവന്‍ അപകടത്തിലാക്കും. ബലി പെരുന്നാളിനോടനുബന്ധിച്ച് വിവിധ റോഡുകളിലെ ട്രാഫിക് പെട്രോളിങ് വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ വീടുകളില്‍നിന്ന് തനിച്ച് പുറത്തേക്ക് വിടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.