ഒമാനില്‍ ടാക്സികളില്‍ മീറ്റര്‍ ഘടിപ്പിക്കാന്‍ നീക്കം
ഇതുസംബന്ധിച്ച നിർദേശങ്ങൾ അവലോകനം ചെയ്തുവരുകയാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു
ഒമാനിൽ സർവീസ് നടത്തുന്ന മുഴുവൻ ടാക്സികളിലും മീറ്റർ ഘടിപ്പിക്കുന്നത് ആലോചനയിൽ. ഇതുസംബന്ധിച്ച നിർദേശങ്ങൾ അവലോകനം ചെയ്തുവരുകയാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മറ്റ് ഗൾഫ് രാഷ്ട്രങ്ങൾക്ക് സമാനമായ മീറ്റർ ടാക്സി സംവിധാനമാണ് സർക്കാരിന്റെ മുന്നിലുള്ളതെന്നും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
ഹോട്ടലുകളിൽ നിന്നും സുൽത്താൻ ഖാബൂസ് തുറമുഖത്ത് നിന്നും നിലവിൽ സർവീസ് നടത്തുന്ന ടാക്സികൾ മർഹബ ടാക്സി ശൃംഖലയിലും വിമാനത്താവളത്തിൽ നിന്നും മാളുകളിൽ നിന്നും സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങൾ മുവാസലാത്ത് ശൃംഖലയിലും ചേരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിൽ ടാക്സി നടത്തുന്നവർ ശൃംഖലയില്‍ ചേരാത്ത പക്ഷം ടാക്സികളുള്ള ഏതൊരു സ്വദേശിയെയും രണ്ട് കമ്പനികൾക്കും തെരഞ്ഞെടുക്കാം. ഈ നാല് സ്ഥലങ്ങൾക്കും പുറമെ ഓൺ കാൾ സേവനങ്ങളും ഇരു മീറ്റർ ടാക്സി കമ്പനികളും നൽകുന്നുണ്ട്. ഔദ്യോഗിക ഉദ്ഘാടനം നടത്തിയിട്ടില്ലെങ്കിലും മർഹബ ടാക്സി കഴിഞ്ഞയാഴ്ച മുതൽ സർവീസ് ആരംഭിച്ചിരുന്നു. മുവാസലാത്ത് ടാക്സികളും വൈകാതെ നിരത്തിലിറങ്ങും. മുവാസലാത്ത് ടാക്സികളും അടുത്തിടെ നടന്ന ചടങ്ങിൽ അനാവരണം ചെയ്തിരുന്നു.
ടുറിസം അടക്കം വിവിധ മേഖലകളുടെ വളർച്ചക്ക് സഹായകരമായ മേഖലയാണ് ടാക്സി സർവീസുകളെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാകും. ആപ് ബുക്കിങ് അടക്കം നൂതന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നത് വഴി ടാക്സി ഡ്രൈവർമാർക്ക് റോഡുകളിൽ ഉപഭോക്താക്കളെ കാത്തുനിൽക്കേണ്ടി വരില്ല. ഇതുവഴി അവർക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭ്യമാവുകയും ചെയ്യും. എല്ലാം ടാക്സികളിൽ മീറ്റർ ഘടിപ്പിക്കുന്നത് ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്കും അനുഗ്രഹമാകും.