സ്വദേശിവത്കരണം ശക്തം; ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9 ശതമാനവും കുറഞ്ഞു
മസ്‌കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്. ഈ വർഷം 1.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9 ശതമാനവും കുറഞ്ഞു. ഒമാനിലെ മൊത്തം പ്രവാസികളുടെ എണ്ണം 1,811,170 ആണ്. ബംഗ്ലാദേശി തൊഴിലാളികളിലാണ് ഏറ്റവും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുള്ളത്. 9.8 ശതമാനമാണ് ബംഗ്ലാദേശ് തൊഴിലാളികളുടെ കുറവ്. ഇന്ത്യൻ പൗരന്മാർ 4.9 ശതമാനവും കുറഞ്ഞു. മ്യാൻമർ, ടാൻസാനിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ വർധനയുണ്ട്. മ്യാൻമറിൽ നിന്നുള്ള പ്രവാസികൾ 55.4 ശതമാനം വർധിച്ചപ്പോൾ, ടാൻസാനിയ 44.4 ശതമാനവും ഈജിപ്ത് 11.1 ശതമാനവും കൂടിയിട്ടുണ്ട്.
ഒക്ടോബറിലെ കണക്കനുസരിച്ച് 42,390 വിദേശ തൊഴിലാളികളുള്ള സർക്കാർ മേഖലയിൽ 1.9 ശതമാനം കുറവുണ്ടായി. എന്നാൽ ഗാർഹിക തൊഴിലാളികളിൽ 0.6 ശതമാനം വർധനവുണ്ട്. അതേസമയം മസ്‌കത്ത് ഗവർണറേറ്റിലെ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടില്ല. 666,847 പ്രവാസികളാണ് ഗവർണറേറ്റിലുള്ളത്. ദോഫാർ ഗവർണറേറ്റിൽ 2.5 ശതമാനത്തിന്റെ കുറവുണ്ട്. നിലവിൽ 222,396 പ്രവാസികളാണ് ദോഫാർ ഗവർണറേറ്റിലുള്ളത്. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി നടപ്പാക്കുന്ന ഒമാനൈസേഷൻ തന്നെയാണ് പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലെ കുറവിന്റെ കാരണം.