ബാദല്‍ സര്‍ക്കാരിന്റെ നാടകം ഹട്ടാമലൈ ദോഹയില്‍ അരങ്ങേറി
കള്ളവും ചതിയുമില്ലാത്ത ഗ്രാമീണരുടെ ഇടയിലെത്തിപ്പെടുന്ന രണ്ട് കള്ളന്‍മാരുടെ കഥയാണീ നാടകം
പ്രശസ്ത ബംഗാളി എഴുത്തുകാരനും ജനകീയ നാടകപ്രവര്‍ത്തകനുമായ ബാദല്‍ സര്‍ക്കാരിന്റെ ഹട്ടാമലൈ നാടിനുമപ്പുറം എന്ന നാടകാവിഷ്‌കാരം ദോഹയില്‍ അരങ്ങേറി. നൃത്തവും സംഗീതവും ഹാസ്യവുമെല്ലാം സമംചേര്‍ത്ത നാടകാവിഷ്‌കാരത്തിലൂടെ നന്മയും സ്‌നേഹവും പൂക്കുന്ന ഹട്ടാമലൈ എന്ന സ്വപ്‌നലോകത്തെയാണ് ഖത്തറിലെ നാടക പ്രവര്‍ത്തകര്‍ അരങ്ങിലെത്തിച്ചത്.
ആധുനിക ലോകത്തിന്റെ മുഖമുദ്രയായ കാപട്യത്തിനും കളങ്കത്തിനും ഇടമില്ലാത്ത ക്ഷേമവും സമൃദ്ധിയും പൂക്കുന്ന സ്വപ്‌നലോകമാണ് ഹട്ടാമലൈ നാട്. കള്ളവും ചതിയുമില്ലാത്ത ഗ്രാമീണരുടെ ഇടയിലെത്തിപ്പെടുന്ന രണ്ട് കള്ളന്‍മാരുടെ കഥയാണീ നാടകം. വിചിത്രമെന്നു തോന്നാവുന്ന ഹട്ടാമലൈ നാടിനെ സ്വപ്‌നലോകത്തിന്റെ പ്രതീതി നല്‍കി അതിമനോഹരമായി അവതരിപ്പിക്കാനായി എന്നതാണ് ഗണേഷ്ബാബു മയ്യിലിന്റെ സംവിധാന മികവ്.
നന്മനിറഞ്ഞ മുഷ്യര്‍ക്കിടയില്‍ മോഷണം നടത്താനുള്ള ശ്രമങ്ങളില്‍ പരാചയപ്പെടുന്ന കള്ളന്‍മാരെ തന്മയത്വത്തോടെ അവതരിപ്പിച്ച രമേഷന്‍ തെക്കടവനും മനീഷ് സാംരംഗിയുമാണ് നാടകത്തിലെ മുഖ്യവേഷങ്ങളിലെത്തിയത്. പാട്ടും നൃത്തവുമായി മുന്നോട്ടുനീങ്ങിയ രംഗാവിഷ്‌കാരത്തിന് സംഗീതം നിര്‍വ്വഹിച്ചത് രതീഷ് മെത്രാടനാണ്.
രാഖി വിനോദ്, മുരളി സി, മനോജ് ബി പി, വിനയന്‍ ബേപ്പൂര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സവിശേഷമായ രംഗപടം ഹട്ടാമലൈ നാടിന് കാല്‍പനിക ചന്തം പകര്‍ന്നു. ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖിന്റെ ബാനറില്‍ അരങ്ങേറിയ നാടകത്തില്‍ ഇരുപതോളം അഭിനേതാക്കള്‍ അരങ്ങിലെത്തി.