ദുബൈ പൊലീസിന്റെ വാഹനശേഖരത്തില്‍ ഇലക്ട്രിക് കാറുകൾക്ക് മുൻഗണന
പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷക്ക് ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രയോജനപ്പെടുത്താനാണ് തീരുമാനം
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള യു.എ.ഇ തീരുമാനം നടപ്പാക്കാൻ ദുബൈ പൊലീസും. പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷക്ക് ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രയോജനപ്പെടുത്താനാണ് തീരുമാനം.
ദുബൈ പൊലീസിന്റെ വാഹനശേഖരത്തില്‍ ഇലക്ട്രിക് കാറുകൾക്ക് മുൻഗണന നൽകും. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാവല്‍ മെച്ചപ്പെടുത്താനാണ് ഇലക്ട്രിക് കാറുകൾ പ്രയോജനപ്പെടുത്തുക. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയുടെ ഇലക്ട്രിക് കാറുകളാകും ഇതിനായി ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് ശല്ല്യമാവാതെ സുരക്ഷയൊരുക്കാന്‍ ഇവ ഉപകരിക്കും. നിലവില്‍ മക്ലാറന്‍ എം.പി.412 സി, ബുഗാട്ടി വെയ്റോണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍77, നിസാന്‍ ജിടിആര്‍, നിസ്സാന്‍ പട്രോള്‍ തുടങ്ങിയ സൂപ്പര്‍ കാറുകള്‍ വരെ ദുബൈ പൊലീസിന് പക്കലുണ്ട്. പട്രോളിംഗിനായി ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയ വിവരം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ എത്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് പതിറ്റാണ്ടിനകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറി പൂര്‍ണമായും വൈദ്യൂതി വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ മുന്‍ നിര നഗരങ്ങള്‍. ഈ നീക്കത്തില്‍ ഒരു പടി മുന്നില്‍ എത്തിയിരിക്കുകയാണ് ദുബൈ.