സൌദിയിലെ പ്രവാസി പ്രതിസന്ധി: വി കെ സിങ് ഇന്ന് ജിദ്ദയിലെത്തും

Update: 2018-05-29 14:59 GMT
Editor : Sithara
സൌദിയിലെ പ്രവാസി പ്രതിസന്ധി: വി കെ സിങ് ഇന്ന് ജിദ്ദയിലെത്തും
Advertising

പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ശമ്പളവും ഭക്ഷണവും മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതം നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഇന്ന് രാത്രി ജിദ്ദയിലെത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ശമ്പളവും ഭക്ഷണവും മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതം നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. ജിദ്ദയില്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളില്‍ സംബന്ധിക്കും.

ഇന്ന് രാത്രി ജിദ്ദയിലെത്തുന്ന വി കെ സിങ് ബുധനാഴ്ചയാണ് ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുക. സൌദി തൊഴില്‍ മന്ത്രി ഡോ. മുഫ്റജ് അല്‍ ഹഖബാനി ഉള്‍പ്പെടെയുള്ള സൌദി അധികൃതരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

ജിദ്ദയിലെ ആറ് ലേബര്‍ ക്യാമ്പുകളിലായി ഇന്ത്യയില്‍ നിന്നുള്ള 2500 ഓളം തൊഴിലാളികളാണ് ദുരിതത്തിലായത്. ഇവര്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ കോണ്‍സുലേറ്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1000 തൊഴിലാളികളെ മറ്റൊരു കമ്പനി ഏറ്റെടുക്കും. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൗദി ഓജര്‍ കമ്പനിയുടെ ഓഫീസുകളെല്ലാം അടച്ചു പൂട്ടിയതിനാല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. മറ്റ് നിര്‍മാണ കമ്പനികളിലും തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ചയില്‍ വരും. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ അനുകൂല നിലപാടാണ് സൌദി സര്‍ക്കാരിനുള്ളതെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

റിയാദ്, ദമാം മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്താന്‍ എംബസി ഉദ്യോഗസ്ഥരെയും വളണ്ടിയര്‍മാരെയും നിശ്ചയിച്ചു. ഇതിനായി ഇന്നലെ റിയാദ് എംബസിയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News