വിസാരഹിത ഖത്തര്‍ യാത്രക്ക് വിലക്ക്; സംസ്ഥാന സര്‍ക്കാര്‍ ഇടപെടും
വിസയില്ലാത്ത യാത്രക്ക് ഖത്തര്‍ മുന്നോട്ടു വയ്ക്കാത്ത ഉപാധികള്‍ വയ്ക്കാന്‍ വിമാനത്താവളങ്ങളിലുള്ളവര്‍ക്ക് അവകാശമില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ ഖത്തറില്‍ പറഞ്ഞു
വിസയില്ലാതെ ഖത്തറിലേക്ക് പുറപ്പെടുന്നവരെ തടസ്സപ്പെടുത്തുന്ന കേരളത്തിലെ വിമാനത്താവളങ്ങളിലെ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നു .വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും വിസയില്ലാത്ത യാത്രക്ക് ഖത്തര്‍ മുന്നോട്ടു വയ്ക്കാത്ത ഉപാധികള്‍ വയ്ക്കാന്‍ വിമാനത്താവളങ്ങളിലുള്ളവര്‍ക്ക് അവകാശമില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ ഖത്തറില്‍ പറഞ്ഞു.
വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ ഖത്തര്‍ അനുവദിക്കുമ്പോഴും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ തിരിച്ചയക്കുന്ന രീതി തുടര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാനൊരുങ്ങുന്നത് . ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാമെന്ന വ്യക്തമായ പ്രഖ്യാപനമാണ് ഖത്തര്‍ നടത്തിയത് ഇതിന് വിരുദ്ധമായ ഉപാധികള്‍ യാത്രക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വിമാനത്താവളങ്ങളില്‍ ഉള്ളവര്‍ക്ക് അവകാശമില്ലെന്ന് ശ്രീരാമകഷ്ണന്‍ പറഞ്ഞു. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശകര്‍ 5000 റിയാലിനു തുല്യമായ തുക കയ്യില്‍ കരുതണമെന്നും ഹോട്ടല്‍ ബുക്കിങ് വേണമെന്നുമുള്ള ഉപാധികള്‍ മുതല്‍ വിസാ രഹിത സന്ദര്‍ശനം സംബന്ധിച്ച തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ല എന്നുവരെയുള്ള തടസവാദങ്ങളാണ് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇപ്പോഴും ഉന്നയിക്കുന്നത് . ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരും ഗള്‍ഫ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും പ്രശ്നം സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച നിവേദനവും ഗപ്പാക് കൈമാറിയിട്ടുണ്ട്.