കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന
പൊതുമാപ്പ് കാലം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് പോലീസ് റെയ്ഡ് ഊര്‍ജ്ജിതമാക്കിയത്
കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന . പൊതുമാപ്പ് കാലം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് പോലീസ് റെയ്ഡ് ഊര്‍ജ്ജിതമാക്കിയത്. ഏപ്രിൽ 22 നു ശേഷം സമഗ്രമമായ പരിശോധന ഉണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,54,000 അനധികൃതർ താമസക്കാരായിരുന്നു പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത് . ഇതിൽ 50000ത്തിൽ താഴെ ആളുകൾ മാത്രമാണ് ഇതുവരെ ഇളവ് പ്രയോജനപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് ഉപോയോഗപ്പെടുത്താതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താൻ പൊലീസ് റെയിഡുകൾ സജീവമാക്കിയത് . കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ പോലീസ് നിരവധി പേരെയാണ് പിടികൂടിയത് . ഏപ്രിൽ 22 കഴിഞ്ഞാൽ രാജ്യത്തിന്റെ മുക്കുമൂലകളിൽ പഴുതടച്ചുള്ള പരിശോധനയുണ്ടാവുമെന്നും എവിടെയും ഒളിച്ചുകഴിയാൻ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്നാണ് പിന്നീട് ഏപ്രിൽ 22 വരെ നീട്ടുകയായിരുന്നു . അനധികൃത താമസക്കാരിൽ 40 ശതമാനം പോലും ഇളവ് ഉപയോഗപ്പെടുർത്താൻ എത്തിയില്ലെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് . പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും റെയ്ഡിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടാൽ കുവൈത്തിലേക്കോ മറ്റു ഗൾഫ് നാടുകളിലേക്കോ തിരിച്ചു വരാൻ കഴിയിലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.