ഖത്തര്‍ നിലപാട് തിരുത്താത്തതിനാല്‍ നിസ്സഹകരണം തുടരുമെന്ന് സൌദി വിദേശകാര്യ മന്ത്രി
കൂടിയാലോചനയിലൂടെ തുടര്‍ നടപടികള്‍ ആവശ്യമായ സമയത്ത് സ്വീകരിക്കും
നാല് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച പതിമൂന്നിന ഉപാധികളോടുള്ള ഖത്തറിന്റെ മറുപടി നിഷേധാകാത്മകമായിരുന്നുവെന്ന് കെയ്റോവില്‍ വിദേശകാര്യ മന്ത്രിമാരുടെ ചേര്‍ന്ന സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ വിനാശകരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഖത്തര്‍ തങ്ങളുടെ നിലപാട് തിരുത്താത്തിനാല്‍ നിലവിലെ നിസ്സഹകരണം തുടരുമെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.
കുവൈത്ത് മുഖേന കഴിഞ്ഞ ദിവസം ഖത്തര്‍ നല്‍കിയ മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൌദി , യുഎഇ , ഈജിപ്ത്, ബഹറൈന്‍ വിദേശകാര്യ മന്ത്രിമാരാണ് ബുധനാഴ്ച കൈറോവില്‍ സമ്മേളിച്ചത്. ഖത്തര്‍ നല്‍കിയ മറുപടി നിഷേധാകാത്മകമാണെന്നും പ്രതിസന്ധിയുടെ ആഴം ഖത്തര്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലപാട് തിരുത്താത്തതിനാല്‍ ഖത്തറിനോടുള്ള നിസ്സഹകരണം തുടരും. കൂടിയാലോചനയിലൂടെ തുടര്‍ നടപടികള്‍ ആവശ്യമായ സമയത്ത് സ്വീകരിക്കുമെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. ഇറാനാണ് ലോകത്ത് തീവ്രവാദം വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ളത്.ഗള്‍ഫ് പ്രതിസന്ധിയില്‍ തുര്‍ക്കിയുടേത് മാധ്യമ നിലാപടാണെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു. ആവശ്യമായ ചര്‍ച്ചകള്‍ വീണ്ടും നടത്തും. ബഹ്റൈനില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും യോഗം ചേരും. യാഥാര്‍ഥ്യ ബോധമില്ലാത്തതും നടപ്പിലാക്കാനാവാത്തുമായ ഉപാധികളാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്നായിരുന്നു ഖത്തറിന്റെ പ്രതികരണം. ഭീകരതയല്ല, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഉപാധികളെന്ന് ഖത്തര്‍ വിദേശമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി നേരത്തെ പ്രതികരിച്ചിരുന്നു. അതിനിടെ ഖത്തറുമായുള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി ഫോണില്‍ സംസാരിച്ചു. വിദേശകാര്യ മന്ത്രിമാരുടെ യോഗം കെയ്റോവില്‍ നടക്കുന്നതിനിടെയായിരുന്നു ട്രംപും സീസിയും സംസാരിച്ചത്.