കുവൈത്തിൽ വിദേശികളുടെ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു
അഞ്ച് വാഹനങ്ങൾ സ്വന്തമായുള്ള ഗാർഹികത്തൊഴിലാളികൾ പോലും രാജ്യത്തുണ്ടെന്ന കണ്ടെത്തലാണ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് .
കുവൈത്തിൽ വിദേശികൾക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് തടയുന്ന തീരുമാനം വൈകാതെ ഉണ്ടാവുമെന്ന് ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ശുവൈഇ പറഞ്ഞു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ തീരുമാനം.
റോഡിലെ തിരക്ക് കുറക്കൽ ലക്ഷ്യമിട്ടു നടപ്പാക്കുന്ന നിയമ പരിഷ്കരണം അറബ് വംശജരടക്കം മുഴുവൻ വിദേശികൾക്കും ബാധകമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പദ്ധതി. അഞ്ച് വാഹനങ്ങൾ സ്വന്തമായുള്ള ഗാർഹികത്തൊഴിലാളികൾ പോലും രാജ്യത്തുണ്ടെന്ന കണ്ടെത്തലാണ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് . വിദേശികളിൽ ചിലർ 60 മുതൽ 70 വരെ വാഹനങ്ങളുടെ ഉടമകളാണെന്നും ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയാതായി ട്രാഫിക് വകുപ്പ് മേധാവി മേജർ ജനറൽ ഫഹദ് അൽ ശുവൈഇ പറഞ്ഞു . ഗതാഗതക്കുരുക്കിന് പരിഹാരനിർദേശങ്ങൾ കണ്ടെത്തുന്നതിനായി സിയമിക്കപ്പെട്ട സമിതിയാണ് അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ നൽകിയത് ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് വൈകാതെ ഉണ്ടാവുമെന്നും ട്രാഫിക് മേധാവി കൂട്ടിച്ചേർത്തു