അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോ സൌദിയിലെത്തി
പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം റിയാദിലെത്തിയത്
ഇറാനെതിരായ നടപടിക്ക് മുന്നോടിയായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോ സൌദിയിലെത്തി. പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം റിയാദിലെത്തിയത്. വിവിധ സൌദി ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അടുത്ത മാസം രണ്ടാം വാരത്തില്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കാനൊരുങ്ങാനുള്ള ചര്‍ച്ചയിലാണ് യു എസ് നേതൃത്വം. ഇതിന് മുന്നോടിയായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം. ഇറാനെതിരായ നടപടിക്ക് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ തേടല്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമാണ്. റിയാദിലെത്തിയ മൈക് പോപിയോയെ സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ സ്വീകരിച്ചു. യമനില്‍ ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഹൂതികള്‍ സൌദിക്ക് നേരെ മിസൈലയക്കുന്നത് ഇറാന്റെ സഹായത്തോടെയാണെന്ന് സൌദി പറയുന്നു. ഈ സാഹചര്യത്തില്‍ ഇരുവരുടേയും കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇറാന് നേരെ നടപടി ശക്തമാക്കണമെന്ന് അറബ് ഉച്ചകോടിയില്‍ സൌദി ആവശ്യപ്പെടുകയുമുണ്ടായി. സൌദി സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനും ഇസ്രയേലുമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനങ്ങളിലും ഇറാനാണ് സുപ്രധനാ അജണ്ടയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.