കുവൈത്തിനെതിരായ വിലക്ക് നീക്കില്ലെന്ന് ഫിഫ
മെക്സിക്കോ സിറ്റിയില്‍ നടക്കുന്ന 66ആമത് ഫിഫ കോണ്‍ഗ്രസ് ആണ് കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തീരുമാനിച്ചത്.
കുവൈത്തിനെതിരായ വിലക്ക് നീക്കേണ്ടതില്ലെന്ന് ഫിഫ തീരുമാനം. മെക്സിക്കോ സിറ്റിയില്‍ നടക്കുന്ന 66ആമത് ഫിഫ കോണ്‍ഗ്രസ് ആണ് കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തീരുമാനിച്ചത്.
വിലക്കിനെതിരെ ഫിഫ അംഗരാജ്യങ്ങളുടെ പിന്തുണ തേടാന്‍ കുവൈത്തിന്റെ മുന്‍ ലോകകപ്പ് ടീം ക്യാപ്റ്റന്‍ സഅദ് അല്‍ഹൂതി ടീമംഗവും നിലവിലെ പാര്‍ലമെന്റ് അംഗവുമായ അബ്ദുല്ല അല്‍മയൂഫ് എന്നിവരടങ്ങിയ സംഘം മെക്സിക്കോ സിറ്റിയിലെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. വിലക്ക് തുടരേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കാനാവത്തതിനാല്‍ തങ്ങള്‍ക്ക് മുന്നില്‍ വേറെ നിവൃത്തിയില്ലെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാനിറ്റോ പറഞ്ഞു. കുവൈത്തിന് പുറമേ ബെനിന്‍ ഫുട്ബോള്‍ അസോസിയേഷന് മേലുള്ള വിലക്കും തുടരും. അതേസമയം ഇന്തോനേഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനും ഫിഫ കോണ്‍ഗ്രസില്‍ തീരുമാനമായി.
കുവൈത്ത് കായിക നിയമത്തിലെ ഏതാനും വകുപ്പുകള്‍ അന്താരാഷ്‌ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഫിഫ കുവൈത്തിനെ സസ്പെന്‍ഡ് ചെയ്തത്. കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ചൂണ്ടിക്കാണിച്ച് നേരത്തെ രണ്ടു തവണ കുവൈത്ത് ഫുട്ബാള്‍ അസോസിയേഷനെ ഫിഫ സസ്പെന്റ് ചെയ്തിരുന്നെങ്കിലും വിട്ടുവീഴ്ചക്ക് കുവൈത്ത് തയ്യാറായതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഫിഫയുടെ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കുവൈത്ത് ഇതുവരെ തയ്യാറായിട്ടില്ല. ഫിഫക്ക് പിന്നാലെ അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.