പാരമ്പര്യത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തി ദുബൈയില്‍ ഇഫ്താര്‍ പീരങ്കി
കാലവും സാങ്കേതികതയും ഏറെ മാറിയെങ്കിലും പഴമയെ പൂര്‍ണമായും കൈവിടാന്‍ അറബ് നാടുകള്‍ ഒരുക്കമല്ല. അതിന്‍റെ നേര്‍സാക്ഷ്യമെന്നോണം ഈ റമദാനിലും ഇഫ്താര്‍ സമയം അറിയിച്ച് ദുബൈയില്‍ പീരങ്കി മുഴങ്ങി.
കാലവും സാങ്കേതികതയും ഏറെ മാറിയെങ്കിലും പഴമയെ പൂര്‍ണമായും കൈവിടാന്‍ അറബ് നാടുകള്‍ ഒരുക്കമല്ല. അതിന്‍റെ നേര്‍സാക്ഷ്യമെന്നോണം ഈ റമദാനിലും ഇഫ്താര്‍ സമയം അറിയിച്ച് ദുബൈയില്‍ പീരങ്കി മുഴങ്ങി.
പോയകാലത്തിന്‍റെ സമയവിളംബരം ഇനിയും മരിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ദുബൈ പൊലീസ്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഏറെ മുന്നോട്ടു പോയ കാലത്തും ഇഫ്താര്‍ സമയം അറിയിക്കാനുള്ള പൗരാണിക രീതിയായ പീരങ്കി വെടി ദുബൈയില്‍ ഇക്കുറിയും മുടക്കമില്ലാതെ തുടരുന്നു. ഈ പ്രാചീന വിസ്മയം അടുത്തു നിന്നു കാണാന്‍ നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ദുബൈക്കു പുറമെ ഷാര്‍ജ ഉള്‍പ്പെടെ മറ്റു എമിറേറ്റുകളിലും ഈ പരമ്പരാഗത സംവിധാനം റമദാന്‍ വേളയില്‍ പ്രായോജനപ്പെടുത്തുന്നു. ഷാര്‍ജയില്‍ മാത്രം 12 ഇടങ്ങളിലാണ് ഇഫ്താര്‍ സമയം കുറിച്ച് പീരങ്കികള്‍ മുഴങ്ങുന്നത്. അതാതിടങ്ങളില്‍ പൊലീസ് സേന തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നതും.
1912 മുതല്‍ 1958 വരെ ദുബൈ ഭരിച്ചിരുന്ന ശൈഖ് സായിദ് ആല്‍ മക്തൂമിന്‍റെ കാലത്താണ് ദുബൈയില്‍ നോമ്പ് തുറ സമയമറിയിക്കാന്‍ പീരങ്കി പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നാണ് ചരിത്രം. 1960 ഓടെ ഈ ദൗത്യം ദുബൈ പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
ഒരര്‍ഥത്തില്‍, ഓരോ റമദാനും പീരങ്കികള്‍ക്ക് തങ്ങളുടെ പൂര്‍വകാല പ്രതാപം വീണ്ടെടുക്കാനുള്ള അവസരം കൂടിയായി മാറുകയാണ്. പീരങ്കി വെടിയൊച്ചയിലൂടെ നോമ്പെടുക്കുകയും തുറക്കുകയും ചെയ്ത തലമുറ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു എന്നു പറയാം. പ്രാചീന നാട്ടുപെരുമയുടെ ഭാഗമായ പീരങ്കി ശബ്ദം നിലനിര്‍ത്തുന്നതിലൂടെ പോയ കാലത്തിന്‍റെ മുദ്രകള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് ദുബൈ പൊലീസ്.