പെരുന്നാളിന് നാട്ടില്‍ പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ കഴുത്തറപ്പ്
പെരുന്നാളിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇരട്ടി നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്
പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ കഴുത്തറപ്പ് തുടങ്ങി. പെരുന്നാളിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇരട്ടി നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്.
പെരുന്നാളും ഗള്‍ഫിലെ സ്കൂള്‍ അവധിയും എത്തിയതോടെ വിമാന കമ്പനികള്‍ക്ക് കൊയ്ത്തുകാലമാണ്. നോക്കി നില്‍ക്കെ ടിക്കറ്റ് നിരക്ക് വിമാനത്തേക്കാള്‍ വേഗത്തില്‍ ആകാശത്തേക്ക് കുതിക്കും. ഈയാഴ്ച ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ജെറ്റ് എയര്‍വേസ് ഒരാള്‍ക്ക് ഈടാക്കുന്നത് 833 ദിര്‍ഹമാണെങ്കില്‍ അടുത്തയാഴ്ച 1853 ദിര്‍ഹം. ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസും ഒട്ടും മോശമല്ല. ഈയാഴ്ച 1000 ദിര്‍ഹമുള്ള ടിക്കറ്റിന് 1425 ദിര്‍ഹമാണ് കൊച്ചിയിലേക്ക്. ഇതേ ദിവസം തിരിച്ചു വരാന്‍ 283 ദിര്‍ഹം മതി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പുതിയ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നിരക്ക് കുറഞ്ഞാലും അയല്‍രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് യാത്ര നടത്താന്‍ പ്രവാസികള്‍ മടിക്കുകയാണ്.