അര്‍ബുദ ഭീഷണി; ഫെറെറോ കിന്റര്‍ ചോക്കലേറ്റുകള്‍ യുഎഇയില്‍ നിരോധിച്ചേക്കും

Update: 2018-06-01 08:49 GMT
Editor : Alwyn K Jose
അര്‍ബുദ ഭീഷണി; ഫെറെറോ കിന്റര്‍ ചോക്കലേറ്റുകള്‍ യുഎഇയില്‍ നിരോധിച്ചേക്കും
Advertising

ചോക്കലേറ്റുകളില്‍ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉല്‍പന്നങ്ങള്‍ പരിശോധിച്ചുവരികയാണെന്ന്

Full View

ഇറ്റാലിയന്‍ കമ്പനിയായ ഫെറെറോയുടെ കിന്റര്‍ ചോക്കലേറ്റുകളില്‍ ചിലതിന് യുഎഇയില്‍ വിലക്ക് വരാന്‍ സാധ്യത. ചോക്കലേറ്റുകളില്‍ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉല്‍പന്നങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി അറിയിച്ചു.

അര്‍ബുദത്തിന് കാരണമാകുന്ന മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍ കൂടിയ അളവില്‍ ചോക്കലേറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. ജര്‍മന്‍ കണ്‍സ്യൂമര്‍ റൈറ്റ്സ് ഗ്രൂപ്പ് ഫുഡ്വാച്ചും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. കിന്ററി 20 ഉല്‍പന്നങ്ങളില്‍ മൂന്നെണ്ണത്തിലാണ് പ്രശ്നം ശ്രദ്ധയില്‍ പെട്ടത്. കിന്റര്‍ റീഗല്‍ ചോക്കലേറ്റ് ബാര്‍, ലിന്റ്സ് ഫിയോറിറ്റോ നൂഗത് മിനീസ്, മറ്റൊരു ജര്‍മന്‍ ഉല്‍പന്നം എന്നിവയിലാണ് മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണിന്റെ അമിത സാന്നിധ്യമുള്ളത്. ഈ ഉല്‍പന്നങ്ങളുടെ പരിശോധന ലബോറട്ടറിയില്‍ നടന്നുവരികയാണെന്നും ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. ദുബൈ നഗരസഭ, അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി എന്നിവയുടെ ലബോറട്ടറികളിലാണ് പരിശോധന നടക്കുന്നത്. ഫലം എതിരാണെങ്കില്‍ യുഎഇ വിപണിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുമെന്നും ഹാശിം അല്‍ നുഐമി പറഞ്ഞു.

ചോക്കലേറ്റിലെ മിനറല്‍ ഓയില്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണിന്റെ അമിത സാന്നിധ്യം പ്ളീഹയുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാക്കും. കോശങ്ങളുടെ അമിത വളര്‍ച്ചക്ക് കാരണമാവുകയും അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണെന്ന അവകാശവാദവുമായി ഫെറെറോ കമ്പനി രംഗത്തത്തെിയിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News