ഒമാൻ 87 തസ്തികകളിൽ പ്രവാസികൾക്ക് വിസ നൽകുന്നത് നിർത്തിവെച്ചു
അടുത്ത 6 മാസത്തേക്കാണ് വിലക്ക്
ഒമാനില്‍ 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തി. ആറ് മാസത്തേക്കാണ് വിലക്ക്. മലയാളികള്‍ വ്യാപകമായി ജോലിയെടുക്കുന്ന തസ്തികകളിലാണ് വിസാ വിലക്ക് എന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
തൊഴില്‍മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ബക്‍രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 10 തൊഴില്‍ മേഖലയിലെ 87 തസ്തികകള്‍ക്കാണ് ആറ് മാസത്തെ വിസാ വിലക്ക്. ഐടി, അക്കൗണ്ടിങ്, മാര്‍ക്കറ്റിങ് & സെയില്‍സ്, അഡ്മിന്‍ ആന്‍റ് എച്ച് ആര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍റ് മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എഞ്ചിനീയറിങ്, ടെകിനിക്കല്‍ എന്നീ മേഖലകള്‍ക്കാണ് വിലക്ക് ബാധകമാവുക. ഈ രംഗങ്ങളിലെ 87 തസ്തികകളിലും സ്വദേശിവല്‍കരണം നടപ്പാക്കുന്നതിന് മുന്നോടിയാണിതെന്നാണ് സൂചന.
മെഡിക്കല്‍ മേഖലയില്‍ മെയില്‍ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, എഞ്ചിനീയറിങ് മേഖലയില്‍ ആര്‍ക്കിടെക്ട്, സിവില്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, പ്രൊജക്ട് എഞ്ചിനീയറിങ് എന്നിവയ്ക്കെല്ലാം വിസാ വിലക്കുണ്ട്. നിരവധി മലയാളികള്‍ നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്. പുതുതായി ഈ തസ്തികകളിലേക്ക് ജോലി തേടുന്ന പ്രവാസികള്‍ക്ക് വിലക്ക് തിരിച്ചടിയാകും. നേരത്തേ ആറ് മാസത്തെ വിസാ നിരോധം ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ഒന്നും തന്നെ ഒമാനില്‍ പ്രവാസികളെ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.