വിസയില്ലാതെ ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇ-ഗേറ്റ് വഴി പ്രവേശം സാധ്യമാക്കാൻ ആലോചന
വിസാരഹിത പ്രവേശം ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക് സാധ്യതയെന്ന് അധികൃതർ സൂചന നല്കി
വിസയില്ലാതെ ഖത്തറിലേക്ക് വരാവുന്ന 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് വഴി പ്രവേശം സാധ്യമാക്കാൻ ആലോചന .വിസാരഹിത പ്രവേശം ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക് സാധ്യതയെന്ന് അധികൃതർ സൂചന നല്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകിയ ഖത്തറിന്റെ തീരുമാനത്തിന് വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ ഈ പട്ടികയിലേക്ക് ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ചേർക്കാൻ ആലോചിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വളരെ ശ്രദ്ധാപൂർവവും ശാസ്ത്രീയവുമായ രീതിയിൽ രാജ്യങ്ങളുടെ പാസ്പോർട്ട് കരുത്തും ചെലവഴിക്കാനുള്ള
കഴിവും വിലയിരുത്തിയാണ് നിലവിലെ പട്ടിക തയ്യാറാക്കിയതെന്നും ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ചേർക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്മെന്റ് ഓഫീസർ ഹസൻ അബ്ദുറഹ്മാൻ അൽ ഇബ്രാഹീം പറഞ്ഞു. കൂടുതൽ സന്ദർശകർക്കായി രാജ്യത്തിന്റെ വാതിലുകൾ തുറന്നിടുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസയില്ലാതെ വരാവുന്ന 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് വഴി പ്രവേശം സാധ്യമാക്കാനാണ് ആലോചിക്കുന്നത്. ആദ്യമായി വരുമ്പോൾ ഇലക്ട്രോണിക് കാർഡ് നൽകുകയും പിന്നീട് ഇതുപയോഗിച്ച്ഇമിഗ്രേഷൻ ഇല്ലാതെ ഇ-ഗേറ്റ് വഴി വരാനുള്ള അവസരമൊരുക്കുകയുമാണ് ലക്ഷ്യം.