സൗദിയില്‍ സ്കൂള്‍ ഫീസിനും കെട്ടിട വാടകക്കും വാറ്റ് ബാധകമാവും
അഞ്ച് ശതമാനം നികുതിയാണ് മൂല്യവര്‍ധിത നികുതിയായി ചുമത്തുക
സൗദിയില്‍ സ്കൂള്‍ ഫീസിനും കെട്ടിട വാടകക്കും വാറ്റ് ബാധകമാവും. അഞ്ച് ശതമാനം നികുതിയാണ് മൂല്യവര്‍ധിത നികുതിയായി ചുമത്തുക. 2018 ജനുവരി മുതലാണ് വാറ്റ് നടപ്പിലാവുക. സ്കൂള്‍ കെട്ടിട ഉടമകളേയും രക്ഷിതാക്കളെയും താമസക്കാരെയും നികുതി നേരിട്ട് ബാധിക്കും.
സകാത്ത് ആന്റ് ഇന്‍കം ടാക്സ് വിഭാഗമാണ് വാറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്ത വരുത്തിയത്. ഇതനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ വരുന്ന വാറ്റ് രാജ്യത്തെ സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും താമസക്കാരെയും നേരിട്ട് ബാധിക്കും. സേവന വിഭാഗം എന്ന നിലക്കാണ് സ്കൂള്‍ ട്യൂഷന്‍ ഫീസിനും കെട്ടിട വാടകക്കും വാറ്റ് ബാധകമാവുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.സകാത്ത് ആന്റ് ഇന്‍കം ടാക്സ് വിഭാഗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ചോദ്യമുന്നയിച്ച ഉപഭോക്താക്കള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍.
എന്നാല്‍ സ്കൂള്‍ അധികൃതരാണോ രക്ഷിതാക്കളാണോ ടാക്സ് അടക്കേണ്ടത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രണ്ടായാലും രക്ഷിതാക്കള്‍ക്ക് നികുതിയടക്കേണ്ടി വരും. ഇതോടെ ടൂഷന്‍ ഫീസ് വര്‍ധിക്കാന്‍ ടാക്സ് കാരണമാവും. വാണിജ്യ, താമസ ആവശ്യത്തിനുള്ള കെട്ടിട വാടകക്ക് നികുതി ബാധകമാവുമെന്ന് നികുതി വിഭാഗം മേധാവി ഹമൂദ് അല്‍ഹര്‍ബിയാണ് വ്യക്തമാക്കിയത്. അതേസമയം ശമ്പളത്തിന് വാറ്റ് ബാധകമല്ലെന്ന് സകാത്ത് ആന്റ് ഇന്‍കം ടാക്സ് വിഭാഗം അറിയിച്ചിട്ടുണ്ട്