അഞ്ച് രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ നിരോധിച്ചു
മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിരോധം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു
അഞ്ച് രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ കാർഷിക ഫിഷറീസ് മന്ത്രാലയം നിരോധിച്ചു . മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിരോധം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
ലാവോസ്, ഫിലിപ്പൈൻസ്, ദക്ഷിണാഫ്രിക്ക, ടോഗോ, സിംബാംബ്വേ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് നിരോധിച്ചത്. ജീവനുള്ള പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചത്. ബൾഗേറിയയിൽ നിന്നും പോളണ്ടിൽ നിന്നുമുള്ള ഇറക്കുമതി നിരോധം നീക്കിയിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ജീവനുള്ള പക്ഷികൾക്കും ഉൽപന്നങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കുമൊപ്പം പൗൾട്രി മാലിന്യത്തിന്റെ ഇറക്കുമതി നിരോധവും നീക്കിയതായി മന്ത്രാലയം അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് ബൾഗേറിയയിൽ നിന്നും പോളണ്ടിൽ നിന്നുള്ള ഇറക്കുമതിക്ക് പക്ഷിപ്പനി ബാധയെ കുറിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരോധം ഏർപ്പെടുത്തിയത്.