50 രാജ്യങ്ങളില്‍ റമദാന്‍ കിറ്റ് വിതരണവും ഇഫ്താറുകളും സംഘടിപ്പിക്കുമെന്ന് ഖത്തര്‍ ചാരിറ്റി മീഡിയ
ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള നാല് സന്നദ്ധ സംഘടനകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റമദാനിനോടനുബന്ധിച്ച് ഇഫ്താറുകളും റമദാന്‍ കിറ്റുകളും നല്‍കാന്‍ തീരുമാനിച്ചത്
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന നാല് പ്രമുഖ സന്നദ്ധ സേവന സംഘടനകള്‍ അന്‍പത് രാജ്യങ്ങളില്‍ റമദാന്‍ കിറ്റ് വിതരണവും ഇഫ്താറുകളും സംഘടിപ്പിക്കുമെന്ന് ഖത്തര്‍ ചാരിറ്റി മീഡിയ വകുപ്പ് മേധാവി അഹ്മദ് സ്വാലിഹ് അല്‍അലി . ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള നാല് സന്നദ്ധ സംഘടനകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റമദാനിനോടനുബന്ധിച്ച് ഇഫ്താറുകളും റമദാന്‍ കിറ്റുകളും നല്‍കാന്‍ തീരുമാനിച്ചത്.
ഖത്തറിലെന്ന പോലെ 50 വിദേശ രാജ്യങ്ങളിലും ഈ നോമ്പ് കാലത്ത് ഇഫ്താറുകളൊരുക്കാനും റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യാനുമാണ് ഖത്തറിലെ ചാരിറ്റി സംഘടനകള്‍ തീരുമാനിച്ചത് . ഖത്തര്‍ ചാരിറ്റിക്കു പുറമെ ഈദ് ചാരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്ദുന്നിഅ്മ, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി, ജാസിം ഹമദ് ബിന്‍ ജാസിം ചാരിറ്റി എന്നീ സംഘടനകള്‍ക്ക് നോമ്പ് കാലം മുഴുവനും ഇഫ്താറുകള്‍ ഒരുക്കാനാണ് പരിപാടി. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ വഴി നോമ്പിന് മുന്നോടിയായി ആവശ്യക്കാര്‍ക്ക് റമദാനിന് വേണ്ട ഭക്ഷണ സാധനങ്ങള്‍ നല്‍കും. "ഔദാര്യം സന്തോഷത്തിന്റെ രഹസ്യം" എന്ന പേരിലാണ് ഖത്തര്‍ ചാരിറ്റി റമദാന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന് പുറത്ത് പതിനൊന്ന് ലക്ഷം ആളുകളാണ് ഖത്തര്‍ ചാരിറ്റിയുടെ ഇഫ്താറും മറ്റ് സഹായങ്ങളും കൈപററിയതെന്ന് അഹ്മദ് അല്‍അലി അറിയിച്ചു. റമദാനിന്റെ മഹത്വം പരിഗണിച്ച് നിരവധി ഗുണകാംക്ഷികളാണ് ഈ പദ്ധതിയിലേക്ക് സംഭവന നല്‍കുന്നത്. ഖത്തറില്‍ സിമൈസിമ, അല്‍ഖോര്‍, ഖര്‍തിയ്യാത്ത്, ഗറാഫ, റയ്യാന്‍, ശഹാനിയ, വക്റ, ബിന്‍മഹ്മൂദ്, നജ്മ, ഫരീജ് അബുദല്‍ അസീസ്, മന്‍സൂറ, ബിന്‍ ഉംറാന്‍, മത്വാര്‍, സെയിലിയ്യ, ജുമൈലിയ്യ, ഉമ്മുസലാല്‍, റുവൈസ്, കഅബാന്‍ തുടങങ്ങിയ ഏരിയകളിലെല്ലാം ഈ വര്‍ഷം ഖത്തര്‍ ചാരിറ്റി ഇഫ്താര്‍ ടെന്റുകള്‍ ഉണ്ടായിരിക്കുമെന്ന് അല്‍അലി അറിയിച്ചു.