കേരളത്തിലെ പഴങ്ങള്‍ക്ക് ഗള്‍ഫില്‍ വിലക്ക്; കയറ്റുമതി, കാര്‍ഷിക മേഖലക്ക് തിരിച്ചടി
കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി, കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും.
നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി, കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും. എന്നാല്‍, ഗള്‍ഫിലെ വിപണിയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കിയത്. വിമാനത്താവളങ്ങള്‍, കാര്‍ഗോ കമ്പനികള്‍ എന്നിവക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു. കേരളത്തില്‍ നിന്ന് ഇന്നലെ ദുബൈ വിമാനത്താവളത്തിലെത്തിയ ഇത്തരം ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. യുഎഇയിലേക്ക് മാത്രം കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ദിവസം 50 ടണ്ണിലേറെ പഴം, പച്ചക്കറി ഉല്‍പന്നങ്ങളാണ് എത്തുന്നത്. 23 ടണ്ണോളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് മാത്രമെത്തുന്നു. കേരളത്തില്‍ നിന്ന് പുറപ്പെടുന്നു എങ്കിലും ഇവയില്‍ നല്ലൊരു പങ്ക് തമിഴ്നാട്ടില്‍ ഉല്‍പാദിച്ചവയാണ്. ഇതേ ഉല്‍പന്നങ്ങള്‍ ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇറക്കുമതിക്കാര്‍.
കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഉല്‍പന്നങ്ങളുടെ വരവ് നിലക്കുന്നത് ഗള്‍ഫ് വിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.