യുഎഇയില്‍ 762 മരുന്നുകളുടെ വില കുറക്കാന്‍ തീരുമാനം
657 മരുന്നുകളുടെ വില അടുത്തമാസവും 105 മരുന്നുകളുടെ വില അടുത്തവര്‍ഷം ജനുവരിയിലും കുറയും
യുഎഇയില്‍ 762 മരുന്നുകളുടെ വില കുറക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. 657 മരുന്നുകളുടെ വില അടുത്തമാസവും 105 മരുന്നുകളുടെ വില അടുത്തവര്‍ഷം ജനുവരിയിലും കുറയും.
രണ്ട് ശതമാനം മുതല്‍ 63 ശതമാനം വരെയാണ് മരുന്നുകളുടെ വില വെട്ടിക്കുറക്കുക. മരുന്ന് വില നിര്‍ണയസമിതി വൈസ്ചെയര്‍മാനും ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുമായ ഡോ. അമീന്‍ ഹുസൈന്‍ അല്‍ ആമിറിയാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകളുടെ വില കുറക്കാന്‍ 2011 ല്‍ ആരംഭിച്ച നടപടികളുടെ തുര്‍ച്ചായായി ഇത് ഏഴാം തവണയാണ് യു എ ഇയില്‍ മരുന്നുകളുടെ വില വെട്ടിക്കുറക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 8725 മരുന്നുകളുടെ വില കുറക്കാന്‍ സാധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. 657 മരുന്നുകളുടെ വില കുറക്കുന്പോള്‍ 267 ദശലക്ഷം ദിര്‍ഹമിന്റെ മാറ്റമുണ്ടാകും. വിട്ടുമാറാത്ത അസുഖങ്ങള്‍ ബാധിച്ച് ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് ഇതിന്റെ നേട്ടമുണ്ടാവുക. ഹൃദ്രോഗത്തിനുള്ള 135 മരുന്നുകള്‍, കേന്ദ്ര നാഡീവ്യൂഹ രോഗങ്ങള്‍ക്കുള്ള 115 മരുന്നുകള്‍, ശ്വാസകോശപ്രശ്നങ്ങള്‍ക്കുള്ള 72 മരുന്നുകള്‍, അണുബാധക്കുള്ള 84 മരുന്നുകള്‍ എന്നിവക്ക് വില കുറയുന്നുണ്ട്. അന്തസ്രാവിഗ്രന്ഥി ഗ്രാന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ക്കുള്ള 59 മരുന്നുകളും, സ്ത്രീരോഗങ്ങള്‍ക്കുള്ള, 53 മരുന്നുകളും ചര്‍മ്മരോഗത്തിനുള്ള 35 മരുന്നുകളും, കുടല്‍രോഗത്തിനുള്ള 32 മരുന്നുകളും വിലക്കുറക്കുന്ന പട്ടികയിലുണ്ട്.