എട്ടുവയസുകാരന്റെ പിറന്നാളാഘോഷത്തിനായി ദുബൈ പൊലീസ് അക്കാദമിയിൽ വേദി അനുവദിച്ചു
ഇക്കാര്യം അഭ്യർഥിച്ച പോർച്ചുഗീസ് ദമ്പതികൾക്കാണ് നിനച്ചിരിക്കാതയുള്ള അവസരം കൈവന്നത്
എട്ടുവയസുകാരന്റെ പിറന്നാളാഘോഷം നടത്താൻ ദുബൈ പൊലീസ് അക്കാദമിയിൽ വേദി അനുവദിച്ചു. ഇക്കാര്യം അഭ്യർഥിച്ച പോർച്ചുഗീസ് ദമ്പതികൾക്കാണ് നിനച്ചിരിക്കാതയുള്ള അവസരം കൈവന്നത്. ദുബൈ പൊലിസ് നടത്തുന്ന ജനമൈത്രി പ്രവർത്തനത്തിന്റെ അവസാന ഉദാഹരണം കൂടിയാണ് ഈ സംഭവം.
ദുബൈ പൊലീസ് അക്കാദമിയിൽ ഈയിടെ ആരംഭിച്ച മ്യൂസിയം കണ്ടപ്പോൾ മകൻ അവോൻസോ ഡോറാട്സോയുടെ പിറന്നാൾ ആഘോഷം ഇവിടെ നടത്തിയാൽ ഉഷാറാകുമെന്ന് മാതാപിതാക്കൾക്ക് തോന്നിയത്. ഉടനേ തന്നെ ഇക്കാര്യം പറഞ്ഞ് ഒരു കത്തയച്ചു. മകന് സർപ്രൈസ് കൊടുക്കാൻ പൊലീസ് മ്യൂസിയം വേദി നൽകാമോ എന്ന അപേക്ഷ കണ്ട് സർപ്രൈസ് ആയിപ്പോയത് മ്യൂസിയം മേധാവി സെക്കൻറ് ലഫ്. മൻസൂർ മൻസൂരിയാണ്. ഇങ്ങിനെ ഒരു അപേക്ഷ വന്ന വിവരം അക്കാദമി തലവൻ അസി. കമാൺഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഫരീദിനെ അറിയിച്ചു. കേൾക്കേണ്ട താമസം വേദി മാത്രമല്ല എല്ലാ സൗകര്യങ്ങളുമൊരുക്കി ആഘോഷം കെങ്കേമമാക്കി നൽകാൻ അദ്ദേഹത്തിന്റെ നിർദ്ദേശമെത്തി. ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരും ബാന്റ് സംഘവും ആധുനിക വാഹനങ്ങളുമെല്ലാം അകമ്പടിയായ വേദിയിൽ വെച്ച് നിറയെ കൂട്ടുകാർക്കും സമ്മാനങ്ങൾക്കുമൊപ്പം അവോൻസോ കേക്ക് മുറിച്ചു. വലുതാകുമ്പോൾ താനും ഒരു പൊലീസുകാരനാവും എന്നു പറഞ്ഞാണ് ജൻമദിനക്കുട്ടി മടങ്ങിയത്.