ശല്യക്കാരായ ബാച്ചിലർമാർക്കെതിരെ മസ്കത്തില്‍ നടപടി
കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ബാച്ച്‍ലർമാർ വൃത്തിഹീനമായും മറ്റുള്ളവർക്ക്ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ്നടപടിയുടെ പ്രധാന കാരണം.
താമസമേഖലകളിൽ കുടുംബമില്ലാതെ താമസിക്കുന്നവർക്കെതിരെ മസ്‍കത്ത് മുനിസിപ്പാലിറ്റി നടപടി തുടരുന്നു. കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ബാച്ച്‍ലർമാർ വൃത്തിഹീനമായും മറ്റുള്ളവർക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ് നടപടിയുടെ പ്രധാന കാരണം.
ഒരു റൂമിൽ നിരവധിപേർ താമസിക്കുന്നതും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റുള്ളവർക്ക് ശല്യമാവുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതും നടപടിക്ക് കാരണമാണ്. സാമൂഹിക സുരക്ഷക്ക് ഹാനികരമാവുകയും കുടുംബങ്ങൾക്ക് ശല്യമാവുകയും ചെയ്തതോടെയാണ് നഗരസഭാധികൃതർ ഇത്തരക്കാർക്കെതിരെ നടപടി എടുക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ നേരത്തെ കുടുംബമായി കഴിഞ്ഞവർ പലരും ഇപ്പോൾ ഒറ്റക്കാണ് താമസിക്കുന്നത്. കുടുംബം നാട്ടിലേക്ക് തിരിച്ചശേഷം നിലവിലെ ഫ്ളാറ്റുകൾ ഒഴിവാക്കി ഷെയറിങായി താമസിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാരും ബാച്ച്‍ലർ പദവിയിൽ വരുമോ എന്നതും അവ്യക്തമാണ്.
എന്നാൽ ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുള്ള വിദേശികൾ ബാച്ച്‍ലർ പദവിയിൽ വരില്ലെന്നാണ് മസ്‍കത്ത് നഗരസഭയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. സാധാരണ ഗതിയിൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ ബാച്ച്‍ലർമാർക്ക് താമസയിടങ്ങൾ വാടകക്ക് നൽകാറില്ല. എന്നാൽ നിരവധി പുതിയ കെട്ടിടങ്ങൾ ഉയർന്ന് വന്നതോടെ പഴയ കെട്ടിടങ്ങളിൽ അധികവും ബാച്ച്‍ലർമാർ ചേക്കേറിയിട്ടുണ്ട്.