സൌദിയില്‍ വിസ സ്റ്റാമ്പിങ് നിരക്ക് കുറച്ചത് വിശ്വസിക്കാനാകാതെ പ്രവാസികള്‍

Update: 2018-06-05 07:56 GMT
Editor : Jaisy
സൌദിയില്‍ വിസ സ്റ്റാമ്പിങ് നിരക്ക് കുറച്ചത് വിശ്വസിക്കാനാകാതെ പ്രവാസികള്‍
Advertising

സൌദി അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതിരുന്നതാണ് പലരേയും അലട്ടിയത്

അപ്രതീക്ഷിതമായി വിസ സ്റ്റാമ്പിങ് നിരക്ക് കുറച്ചതോടെ അമ്പരപ്പിലാണ് സൌദിയിലെ പ്രവാസികള്‍. സൌദി അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതിരുന്നതാണ് പലരേയും അലട്ടിയത്. എന്നാല്‍ ഇന്ന് മുതല്‍ 300 റിയാല്‍ നിരക്കില്‍ വിസ അടിച്ചു ലഭിച്ചതോടെയാണ് പലരും നിരക്ക് മാറ്റം വിശ്വസിച്ച് തുടങ്ങിയത്.

Full View

കഴിഞ്ഞ ഒരാഴ്ചയായി വിസ സ്റ്റാമ്പിങ് നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട വിവരം ട്രാവല്‍ ഏജന്‍സികള്‍ക്കുണ്ട്. എന്നാലിത് പലരും വിശ്വസിച്ചില്ല. മെയ് ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇന്ത്യയില്‍ മെയ് 1 അവധിയായതിനാല്‍ പുതിയ നിരക്ക് സംബന്ധിച്ച സംശയങ്ങള്‍ ബാക്കി നിന്നു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന കാര്യം വിവിധ ട്രാവല്‍ ഏജന്‍സികള്‍ ഇന്നലെ രാത്രി അറിയിച്ചു. 2000 റിയാലില്‍ നിന്നും 305 റിയാലിലേക്ക് സ്റ്റാമ്പിങ് നിരക്ക് കുറച്ചതായാണ് ട്രാവല്‍ ഏജന്റുകള്‍ വിശദീകരിച്ചത്. പക്ഷേ അപ്പോഴൊന്നും ഇത് സംബന്ധിച്ച് സൌദി അധികൃതരില്‍ നിന്നും വിശദീകരണം വന്നില്ല.

മുംബൈ കോണ്‍സുലേറ്റില്‍ സ്റ്റാമ്പിങിന് പോയ ഏജന്റുമാരാണ് വിസ സ്റ്റാമ്പിങ് പുതിയ നിരക്കില്‍ ലഭ്യമായത് അറിയിച്ചത്. കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമെല്ലാം 305 റിയാലില്‍ തന്നെ ഫാമിലി വിസ ലഭിച്ചു. 6400 രൂപ വിസ സ്റ്റാമ്പിങ് ചാര്‍ജും 2000 രൂപ ഇന്‍ഷുറന്‍സും മോഫയുമടക്കം 9000 രൂപക്ക് താഴെയാണിപ്പോള്‍ ഒരാള്‍ക്ക് സൌദിയിലേക്കുള്ള വിസ നിരക്ക്. ഈ നിരക്കിലാണിപ്പോള്‍ വിസയടിക്കുന്നത്. സന്ദര്‍ശക ബിസിനസ് വിസ സംബന്ധിച്ച് മാത്രമാണ് സംശയങ്ങള്‍ ബാക്കി. ഇതില്‍ വരും ദിവസങ്ങളില്‍ കൃത്യത ലഭിക്കുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. പുതിയ ഫീസ് നിരക്ക് പ്രാബല്യത്തിലായെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News