ജിദ്ദ വിമാനത്താവളത്തില്‍ സൌദി എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കി
മദീനയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പുറപ്പെട്ട വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മുന്‍ചക്രങ്ങളില്ലാതെ ഇടിച്ചിറക്കിയത്
സൌദിയിലെ ജിദ്ദ വിമാനത്താവളത്തില്‍ സൌദി എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കി. മദീനയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പുറപ്പെട്ട വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മുന്‍ചക്രങ്ങളില്ലാതെ ഇടിച്ചിറക്കിയത്. 151 യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. മദീനയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടതായിരുന്നു എസ്വി 3818 എന്ന സൌദി എയര്‍ലെന്‍സിന്റെ യാത്രാ വിമാനം. ആകെയുണ്ടായിരുന്നത് 151 യാത്രക്കാരും ജീവനക്കാരും. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം പ്രവര്‍ത്തിക്കാതെയായി. ഇതോടെ യാത്ര തുടരാനാകാത്ത സ്ഥിതി വന്നു. തുടര്‍ന്ന് ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു വിമാനം. ജിദ്ദ വിമാനത്താവളത്തിന് മുകളിലെത്തിയിട്ടും വിമാനത്തിന്റെ ചക്രങ്ങള്‍ ലാന്‍ഡിങിനായി താഴ്ത്താനായില്ല. ഇതിനായി രണ്ട് തവണ റണ്‍വേയിലിറക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. പിന്നെ വിമാനം വട്ടമിട്ട് പറന്നത് നിരവധി തവണ. ഒടുവില്‍ ചക്രങ്ങളില്ലാതെ വിമാനം റണ്‍വേയിലേക്ക്.
മുന്‍ഭാഗം പൈലറ്റുമാര്‍ സമര്‍ത്ഥമായി ഇടിച്ചിറിക്കി. തീപൊരി പാറിയെങ്കിലും അത്യാഹിതമില്ലാതെ വിമാനം നിന്നു. യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ വഴി അതിവേഗം ഒഴിപ്പിച്ചു. വിമാനത്തിന്റെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.