കിക്കി ഡാൻസ് ചലഞ്ചിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍
ഓടുന്ന കാറിൽ ‘കീകി, ഡു യു ലവ് മീ? ആർ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോൾ കാറിൽനിന്ന് ഇറങ്ങുകയും വാതിൽ തുറന്ന രീതിയിൽ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച്
കനേഡിയൻ റാപ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'ഇൻ മൈ ഫീലിങ് സ് ' എന്ന ഗാനം തരംഗമാവുകയാണ്. ഗാനത്തിലെ രണ്ടാമത്തെ ഖണ്ഡികയാണ് ഹിറ്റായിരിക്കുന്നത്. എന്നാല്‍ ഈ നൃത്തച്ചുവടുകള്‍ ഇപ്പോള്‍ പൊലീസിന് തലവേദനയായിരിക്കുകയാണ്. 'കീകി ചാലഞ്ചി'ൽ പ ങ്കെടുക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബൂദബി ട്രാഫിക് പെട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു.
വിവിധ രാജ്യങ്ങളിലെ പൊലീസിന് തലവേദനയായിരിക്കുകയാണ് ഈ നൃത്തച്ചുവടുകൾ. അതിനാൽ കീകി ചാലഞ്ച് നിയമലംഘനത്തിന്റെ ട്രാപിലേക്കാണ് നർത്തകരെ എത്തിക്കുന്നത്. ഓടുന്ന കാറിൽ 'കീകി, ഡു യു ലവ് മീ? ആർ യു റൈഡിങ് ' എന്ന് പാടിത്തുടങ്ങുമ്പോൾ കാറിൽനിന്ന് ഇറങ്ങുകയും വാതിൽ തുറന്ന രീതിയിൽ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച് . ഇത്തരത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് . അപകടം സംഭവിച്ചാൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി നേരിടുന്നതിനാലാണ് അധികൃതർ ചാലഞ്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് .
ഇത്തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെ അറസ്റ്റ് ചെയ്യാൻ അബൂദബി പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം ഈ നൃത്തം പൊതു ധാർമികത ലംഘിക്കുന്നതായും പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്തിലും നേരത്തെ 'കീകി ചാലഞ്ച് നിരോധിച്ചിരുന്നു.
ഇത്തരത്തിലുള്ള പ്രകടനം നടത്തി പിടിക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടുമെന്ന് അബൂദബി ട്രാഫിക് പെട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ ആൽ ഖെയ് ലി പറഞ്ഞു. 'കീകി ചാലഞ്ചി'ൽ പങ്കെടുക്കുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻറും ശിക്ഷ ലഭിക്കും. കാർ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം സാഹസികതക്കിടെ ആർക്കെങ്കിലും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.
കുവൈത്തിലും ഓടുന്ന വാഹനത്തിൽനിന്ന് പുറത്തിറങ്ങി നടത്തുന്ന കീകി ഡാൻസ് ചലഞ്ചിനെതിരെ ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കി . കീകി ചലഞ്ച് നടത്തുന്നവർക്ക് മൂന്നു മാസം തടവും 100 ദിനാർ പിഴയും ശിക്ഷ. വാഹനം രണ്ടുമാസത്തേക്കു കസ്റ്റഡിയിൽ വെക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
കുറഞ്ഞ വേഗതയിൽ നീങ്ങുന്ന വാഹനത്തിന്റെ വാതിൽ തുറന്ന് അൽപസമയം നൃത്തം ചെയ്യുകയും തുടർന്ന് തിരികെ കയറുകയും ചെയ്യുന്ന വിനോദ പരിപാടിയാണ് കീകി ഡാൻസ് ചലഞ്ച് . ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യും. സ്വദേശി യുവാക്കളാണ് അധികവും ഈ സാഹസത്തിന് മുതിരുന്നത് . കുവൈത്തിലെ തിരക്കേറിയ നിരത്തുകളിൽ യുവാക്കളുടെ കീകി ഡാൻസ് വലിയ സാഹസവും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുമാണ് . ഇതിനിടയിൽ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കീകി ഡാൻസ് ചാലഞ്ചിനിടെ നിരവധി തവണ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയത് . മറ്റു റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുക്കുന്ന രീതിയിൽ വാഹനമോടിച്ചാൽ വാഹനം രണ്ടുമാസം കസ്റ്റഡിയിലെടുക്കുകയും 100 ദീനാർ പിഴ ചുമത്തുകയും മൂന്നുമാസം തടവിന് ശിക്ഷിക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി .