കരിപ്പൂര്‍ പ്രതിസന്ധി തീരുന്നതും കാത്ത് ഗൾഫിലെ പ്രധാന വിമാന കമ്പനികൾ
ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറിൽ സെപ്റ്റംബറോടെയെങ്കിലും സർവീസ് നടത്താൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് എയർലൈൻസുകൾ.
കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള കേന്ദ്രാനുമതി കാത്ത് ഗൾഫിലെ പ്രധാന വിമാന കമ്പനികൾ. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറിൽ സെപ്റ്റംബറോടെയെങ്കിലും സർവീസ് നടത്താൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് എയർലൈൻസുകൾ.
കൂടുതൽ പ്രവാസികൾ ചേക്കേറിയ ജിദ്ദ, റിയാദ് നഗരങ്ങളിലുള്ളവരെയാണ് കരിപ്പൂർ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭിച്ചാൽ രണ്ടാഴ്ചക്കകം കരിപ്പൂരിലേക്ക് സർവീസിന് ഒരുക്കമാണെന്ന നിലപാടിലാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന കമ്പനി.
പ്രവാസി യാത്രക്കാർക്കു പുറമെ ഹജ്ജ്, ഉംറ തീർഥാടകരുടെ ആധിക്യവും കാരണം കരിപ്പൂർ സർവീസിനോട് സൗദി വിമാന കമ്പനിക്ക് വർധിച്ച താൽപര്യമുണ്ട്. അനുമതി ലഭിച്ചാൽ ഒട്ടും വൈകാതെ കരിപ്പൂർ സർവീസ് പുനരാരംഭിക്കാൻ ദുബൈ കേന്ദ്രമായ എമിറേറ്റ്സ് എയർലൈൻസും ഒരുക്കമാണ്. ഇപ്പോൾ മറ്റു സെക്ടറുകളിലേക്കായി വീതം വെച്ചുപോയ സീറ്റുകൾ അധികരിപ്പിച്ചു നൽകാനും വ്യോമയാന മന്ത്രാലയം തയാറാകേണ്ടി വരും.
പ്രതിവർഷം 65000 സീറ്റുകളാണ് എമിറേറ്റ്സ് എയർലൈൻസിന് ഇന്ത്യ അനുവദിച്ചിരിക്കുന്ന ക്വാട്ട. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലും വടക്കു കിഴക്കൻ സെക്ടറിലും കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് എമിറേറ്റ്സ് പലവുരു ആവശ്യപ്പെട്ടതാണെങ്കിലും അനുകൂല നടപടിയെന്നും ഇനിയും ഉണ്ടായിട്ടില്ല.