ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷാനടപടികളുമായി ഖത്തര്‍

പിടിക്കപ്പെട്ടാല്‍ ഓടിച്ചയാള്‍ക്കൊപ്പം വാഹനത്തിലുള്ള ലൈസന്‍സുള്ള മറ്റ് യാത്രക്കാരും ക്രിമിനല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരും

Update: 2018-07-31 03:35 GMT
Advertising

ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ ഇനി മുതല്‍ കനത്ത ശിക്ഷനടപടികള്‍ക്കൊരുങ്ങി ഖത്തര്‍. പിടിക്കപ്പെട്ടാല്‍ ഓടിച്ചയാള്‍ക്കൊപ്പം വാഹനത്തിലുള്ള ലൈസന്‍സുള്ള മറ്റ് യാത്രക്കാരും ക്രിമിനല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. ട്രാഫിക് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട രാജ്യവ്യാപക ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍.

Full View

അപകടരഹിത വേനല്‍ എന്ന ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് പുതിയ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനാ നടപടികള്‍ സ്വീകരിക്കും. പിടിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികളാണ് ലൈസന്‍സില്ലാതെ പിടിക്കപ്പെടുന്നയാള്‍ക്കൊപ്പം വാഹനത്തില്‍ ലൈസന്‍സുള്ള യാത്രക്കാരുണ്ടെങ്കില്‍ അവരും തുല്യ കുറ്റവാളികളാകും. കുട്ടികളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. സായുധ സേന പൊലീസ് മറ്റ് സുരക്ഷാസേനകള്‍ എന്നിവ നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഉപയോഗിച്ച് അത്തരം സേനകളുടെ വാഹനങ്ങള്‍ മാത്രമേ ഓടിക്കാവൂ. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അവരവരുടെ രാജ്യങ്ങളുടെ ലൈസന്‍സ് ഉപയോഗിച്ച് 15 ദിവസം വരെ ഖത്തറില്‍ വാഹനമോടിക്കാം.

ഇതിന് ശേഷം ഖത്തര്‍ ഗതാഗത വകുപ്പിന് ലൈസന്‍സ് ഏല്‍പ്പിക്കണം. പിന്നീട് നല്‍കുന്ന താല്‍ക്കാലിക ലൈസന്‍സ് ഉപയോഗിച്ച് നിശ്ചിത കാലയളവിലും വാഹനം ഓടിക്കാനാകും. അംഗീകൃത അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ള സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അതുപയോഗിച്ച് വാഹനമോടിക്കാവുന്നതാണ്. വിവാഹം പോലുള്ള ആഘോഷ വേളകളില്‍ വാഹനങ്ങളില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിച്ച് അപകടരമായ രൂപത്തിലുള്ള അഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷാ നടപടികളായിരിക്കും. ഇനി മുതല്‍ സ്വീകരിക്കുക. രാജ്യവ്യാപക ക്യാമ്പയിന്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗതാഗത വകുപ്പിലെ വിവിധ മേധാവിമാര്‍ സംസാരിച്ചു.

Tags:    

Similar News