തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു; കിസ്‌വ ഉയര്‍ത്തി കെട്ടി

തീര്‍ഥാടകര്‍ പിടിച്ചു വലിക്കുന്നതിനാല്‍ കേടുപാടു സംഭവിക്കാതിരിക്കാനാണ് നടപടി. ഹജ്ജിന് ശേഷമാകും കിസ്‌‌വ താഴ്ത്തികെട്ടുക

Update: 2018-08-01 02:47 GMT
Advertising

ഹജ്ജ് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ കഅബയുടെ കിസ്‌വ അഥവാ മൂടുപടം ഉയര്‍ത്തിക്കെട്ടി. തീര്‍ഥാടകര്‍ പിടിച്ചു വലിക്കുന്നതിനാല്‍ കേടുപാടു സംഭവിക്കാതിരിക്കാനാണ് നടപടി. ഹജ്ജിന് ശേഷമാകും കിസ്‌‌വ താഴ്ത്തികെട്ടുക.

ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിശുദ്ധ കഅബയെ പുതപ്പിച്ചിരിക്കുന്ന 'കിസ് വ' ഹറം കാര്യവകുപ്പ് ഉയര്‍ത്തികെട്ടിയത്. കഅബയുടെ നാല് ഭാഗത്തും തറനിരപ്പില്‍ നിന്ന് 3 മീറ്ററാണ് ഉയര്‍ത്തിയത്. ഇവിടെ രണ്ട് മീറ്റര്‍ ഉയരത്തില്‍ വെള്ള തുണികൊണ്ട് മൂടി കെട്ടുകയും ചെയ്തു. തിരക്കേറുംപോള്‍ സാധാരണയായി ഇവ്വിധം ചെയ്യാറുണ്ട്. തീര്‍ത്ഥാടകരുടെ പിടിവലിക്കിടയില്‍ കിസ് വക്ക് കേട് പാടുകള്‍ സംഭവിക്കാതിരിക്കുന്നതിനാണിത്. കിസ്‌വ വൃത്തിയായി സംരക്ഷിക്കുന്നതിനും വേണ്ടിയാണിത്. ഹറം കാര്യവകുപ്പിലേയും കിസ് വ നിര്‍മ്മാണ ഫാക്ടറിയിലേയും 30 ഓളം തൊഴിലാളികള്‍ ചേര്‍ന്നാണ് പണി പൂര്‍ത്തീകരിച്ചത്. ഇതിന് 3 മണിക്കൂര്‍ സമയമെടുത്തു.

തീര്‍ത്ഥാടകര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹജ്ജ് 9ന് കഅബയെ പുതിയ കിസ്‍വ അണിയിക്കും. എങ്കിലും ഹജ്ജ് തീര്‍ത്ഥാടകര്‍ മടങ്ങി പോകുന്നത് വരെ കിസ് വ താഴ്ത്തി കെട്ടുകയില്ല. തെറ്റായ വിശ്വാസം കാരണം ചില തീര്‍ത്ഥാടകര്‍ കിസ് വയില്‍ നിന്ന് നൂല് വലിച്ചൂരാറുണ്ടെന്ന് കിസ്‌വ ഫാക്ടറി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ തടയുന്നതിന്റെ ഭാഗം കൂടിയാണ് നടപടി . ഹജ്ജിന്Jz മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള എല്ലാ കാര്യങ്ങളും കൃത്യസമയത്ത് തന്നെ ചെയ്തു തീര്‍ത്തെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    

Similar News