യാത്രക്കാരില്ല; ദമ്മാമില്‍ നിന്നുള്ള കോഴിക്കോട്, കൊച്ചി ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തി

സൗദിയില്‍ നിന്നും നേരിട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്ന പ്രധാന സെക്ടറുകളില്‍ ഒന്നാണ് ദമ്മാം. ഈ സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.

Update: 2018-08-03 14:07 GMT
Advertising

സൗദി ദമ്മാമില്‍ നിന്നുമുള്ള ജെറ്റ് എയര്‍വേസിന്റെ കോഴിക്കോട്, കൊച്ചി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കും. ഇതോടെ ദമ്മാമില്‍ നിന്നും നേരിട്ട് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായും ഇല്ലാതായി. കണ്ണൂര്‍ വിമാനത്താളത്തിലേക്ക് സര്‍വീസ് മാറ്റുന്നതിന് മുന്നോടിയായാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.

സൗദിയില്‍ നിന്നും നേരിട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്ന പ്രധാന സെക്ടറുകളില്‍ ഒന്നാണ് ദമ്മാം. എയര്‍ ഇന്ത്യയും, ജെറ്റ് എയര്‍വേസുമായിരുന്നു സര്‍വീസുകള്‍ നടത്തി വന്നിരുന്നത്. ഈ സര്‍വീസുകളാണ് ജെറ്റ് എയര്‍വേസ് സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 27 വരെയുള്ള തീയതികളില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.

Full View

ഇതോടെ ദമ്മാമില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. കോഴിക്കോട്ടേക്ക് ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരിക്കും നേരിട്ട് സര്‍വീസ് നടത്തുക. യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവാണ് സര്‍വീസ് താല്ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം തുറക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

Tags:    

Similar News