ദുബൈയില്‍ ബ്രാന്‍ഡുകളുടെ വ്യാജന്‍ വ്യാപകം: 4,879 സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 30 വെബ്സൈറ്റുകളും അടപ്പിച്ചു
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന 4,879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ദുബൈ സാമ്പത്തികവികസന വകുപ്പ് അടപ്പിച്ചത്
ദുബൈയില്‍ വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. 30 വെബ്സൈറ്റുകളും ദുബൈ സാമ്പത്തിക വികസന വകുപ്പ് അടപ്പിച്ചു. വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് നടപടി.
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന 4,879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ദുബൈ സാമ്പത്തികവികസന വകുപ്പ് അടപ്പിച്ചത്. ഈ അക്കൗണ്ടുകള്‍ക്ക് 33 ദശലക്ഷത്തിലേറെ ഫോളേവേഴ്സുണ്ടായിരുന്നു. വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന 30 വെബ്സൈറ്റുകളും കഴിഞ്ഞ ആറുമാസത്തിനിടെ വകുപ്പ് അടച്ചുപൂട്ടിയിട്ടുണ്ട്. ബ്രാന്‍ഡ് ഉടമകളുടെ കൂടി സഹകരണത്തോടെയായിരുന്നു നടപടി. നിയമവിരുദ്ധമായി ഉല്പന്നങ്ങള്‍ വില്പനക്ക് വെക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി 24 മണിക്കൂറും സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ബാഗ്, പെര്‍ഫ്യൂമുകള്‍, വാച്ച്, ആക്സസറീസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയാണ് വിറ്റഴിച്ചിരുന്നത്. ഇവ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൌസുകളും അധികൃതര്‍ അടപ്പിച്ചു. വ്യാജ ഉല്പന്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 600545555 എന്ന ഫോണ്‍ നമ്പറിലോ, dubai consumers എന്ന ഇന്‍സ്റ്റ, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയോ അധികൃതരെ വിവരമറിയിക്കാം.