കുവൈത്തിൽ വിദേശികളുടെ വർക്ക് പെർമിറ്റ് വിതരണം,പുതുക്കൽ എന്നിവക്ക് നിയന്ത്രണം വരുന്നു
അറുപതു വയസിനു മുകളിൽ പ്രായമുള്ളവർക്ക് പുതുതായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതും നിലവിലെ പെർമിറ്റ് പുതുക്കി നൽകുന്നതും നിർത്തിയേക്കും
കുവൈത്തിൽ വിദേശികളുടെ വർക്ക് പെർമിറ്റ് വിതരണം, പുതുക്കൽ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. അറുപതു വയസിനു മുകളിൽ പ്രായമുള്ളവർക്ക് പുതുതായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതും നിലവിലെ പെർമിറ്റ് പുതുക്കി നൽകുന്നതും നിർത്തിയേക്കും . ജനസംഖ്യാ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി.
വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുള്ള അന്തരം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി അവിദഗ്ധ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സർക്കാർ തീരുമാനം . ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ നടപടി . തൊഴിൽ വിപണി ക്രമീകരണവും അധികൃതർ ലക്ഷ്യമിടുന്നുണ്ട് . അറുപത് വയസിനു മുകളിൽ പ്രായമുള്ള വിദേശികൾക്ക് പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുകയോ നിലവിൽ ഉള്ള തൊഴിൽ പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. എന്നാൽ ചില പ്രത്യേക തൊഴിൽ കാറ്റഗറികൾക്കു പ്രായപരിധിയിൽ ഇളവുണ്ടാകുമെന്നാണ് സൂചന .
ആഭ്യന്തരമന്ത്രാലയം തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം മാനവ വിഭവ അതോറിറ്റി വാണിജ്യ മന്ത്രാലയം എന്നിവ ഏകോപിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം ജനസംഖ്യാസന്തുലനത്തിന്റെ ഭാഗമായുള്ള കുറെയേറെ പരിഷ്‌ക്കാരങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായാണ് വിവരം . വിദേശ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട പരിഷ്കരിച്ച നിബന്ധനകൾ മാനവവിഭവ അതോറിറ്റി ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇതിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമുണ്ടാക്കാനും ശ്രമിച്ചു വരികയാണെന്നു ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിദേശ തൊഴിലാളികളിൽ 70 ശതമാനം മതിയായ യോഗ്യതകളില്ലാത്തവരാണെന്നു കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി വെളിപ്പെടുത്തിയിരുന്നു.