സൗദിയില്‍ കര്‍ശന ഉപാധികളോടെ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി
സൗദിവല്‍ക്കരണ തോതും സൗദി അധ്യാപകരുടെ വേതനവും ഉയര്‍ത്തണമെന്നതാണ് പ്രധാന നിബന്ധന
സൗദിയില്‍ സ്വകാര്യ സ്കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി കര്‍ശന ഉപാധികളോടെ മാത്രം. സൗദിവല്‍ക്കരണ തോതും സൗദി അധ്യാപകരുടെ വേതനവും ഉയര്‍ത്തണമെന്നതാണ് പ്രധാന നിബന്ധന. സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങളും വിവിധ ഘടകങ്ങളും വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് പരിശോധിക്കും.
സൌദിയില്‍ രണ്ട് വര്‍ഷത്തിനിടെ ട്യൂഷന്‍ ഫീസ് ഉയര്‍ത്തിയ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാനാകൂ. റിയാദ് വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം മേധാവി അനസ് അല്‍ അഹൈദിബാണ് ഇക്കാര്യമറിയിച്ചത്. സൗദിവല്‍ക്കരണം വര്‍ദ്ധിപ്പിക്കണം. ഒപ്പം സൗദി അധ്യാപകരുടെ വേതനം ഉയര്‍ത്തുകയും വേണം. ഇതിന് ശേഷം മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടണം. എങ്കില്‍ മാത്രമേ വീണ്ടും ട്യൂഷന്‍ ഫീ ഉയര്‍ത്താനാകൂ. സന്ദര്‍ശനത്തിനെത്തുന്ന സമിതി സ്കൂളിലെ കെട്ടിടങ്ങള്‍, സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ എണ്ണം, അധ്യാപകരുടെ വേതനം എന്നിവയും പരിശോധിക്കും. ചെലവുകള്‍ വര്‍ദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്കൂളുകള്‍ ഫീസ് വര്‍ദ്ധന നടപ്പിലാക്കാറ്. 2000 മുതല്‍ 3000 റിയാല്‍ വരെയാണ് ചില സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വാര്‍ഷിക ഫീസിനത്തില്‍ വര്‍ദ്ധിപ്പിച്ചത്. ഫീസ് വര്‍ദ്ധന അപേക്ഷ മന്ത്രാലയം നിരസിച്ചാല്‍ സ്കൂളുകള്‍ക്ക് അപ്പീല്‍ നല്‍കാം.