മാധ്യമപ്രവര്‍ത്തകന്‍ ഖശോഗി കൊല്ലപ്പെട്ടെന്ന് സൗദി; 18 പേര്‍ അറസ്റ്റില്‍
കോണ്‍സുലേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായുള്ള കയ്യാങ്കളിക്ക് ശേഷം ഖശോഗി കൊല്ലപ്പെട്ടെന്നാണ് സൗദി അറ്റോണി ജനറല്‍ അറിയിച്ചത്.
മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖശോഗി തുര്‍ക്കിയിലെ സൗദി കണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. കോണ്‍സുലേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായുള്ള കയ്യാങ്കളിക്ക് ശേഷം ഖശോഗി കൊല്ലപ്പെട്ടെന്നാണ് സൗദി അറ്റോണി ജനറല്‍ അറിയിച്ചത്. വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച സൗദി അറേബ്യ ഉന്നത ഉദ്യോഗസ്ഥരടക്കം 18 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തലവനേയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവിനേയും സ്ഥാനത്ത് നിന്നും നീക്കി.
വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായിരുന്നു സൗദി പൗരനായ ജമാല്‍ ഖശോഗി. തുര്‍ക്കിയില്‍ താമസിക്കുന്ന ഖശോഗി ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റില്‍ വിവാഹ രേഖകള്‍ ശരിയാക്കാനെത്തിയിരുന്നു. സൗദി വിമര്‍ശകനായി അറിയപ്പെടുന്ന ജമാല്‍ ഖശോഗി ഇവിടെ വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊല്ലപ്പെട്ടെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ 18 പേരെ സൗദി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ സ്ഥാനത്ത് നിന്നും രാജകല്‍പന പ്രകാരം നീക്കി.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹ്ത്താനി, രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി ജനറല്‍ അഹ്മദ് അസീരി, രഹസ്യാന്വേഷണ വിഭാഗത്തിലെ സഹ മേധാവികളായ മേജര്‍ ജനറല്‍ അല്‍ തയ്യാര്‍, മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ തയ എന്നിവരെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. രഹസ്യാന്വേഷണ വിഭാഗം വകുപ്പ് പുനസ്സംഘടിപ്പിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. അന്വേഷണത്തിലൂടെ വസ്തുത കണ്ടെത്താന്‍ സഹായിച്ച തുര്‍ക്കിയോട് കടപ്പാട് രേഖപ്പെടുത്തിയ സൗദി അറേബ്യ മുഴുവന്‍ അന്വേഷണ വിവരങ്ങളും ഉടന്‍ പുറത്ത് വിടുമെന്നും അറിയിച്ചിട്ടുണ്ട്.