യമന്‍ അഭ്യന്തര കലാപം; യു.എന്‍ ദൂതന്‍ ഇരു കക്ഷികളുമായും കൂടിക്കാഴ്ച്ച നടത്തും
സ്വീഡനില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചക്ക് സാഹചര്യമൊരുക്കാനാണ് യു.എന്‍ ദൂതന്‍ കഴിഞ്ഞ ദിവസം സന്‍ആയില്‍ എത്തിയത്.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യു.എന്‍ പ്രത്യേക ദൂതന്‍ നാളെ ഹൂതികളുമായും സര്‍ക്കാറുമായും ചര്‍ച്ച നടത്തും. സ്വീഡനില്‍ നടക്കുന്ന സമാധാന ചര്‍ച്ചക്ക് ഇരു കൂട്ടരേയും പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം.
സ്വീഡനില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചക്ക് സാഹചര്യമൊരുക്കാനാണ് യു.എന്‍ ദൂതന്‍ കഴിഞ്ഞ ദിവസം സന്‍ആയില്‍ എത്തിയത്. തലസ്ഥാനമായ സന്‍ആയില്‍ എത്തിയ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ഹൂതികളുമായി പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കി. നാളെ സര്‍ക്കാറുമായും ധാരണയുണ്ടാക്കി ഇരുകൂട്ടരേയും ഒന്നിച്ചിരുത്താനാണ് പദ്ധതി.
സഖ്യസേന സഹകരിച്ചാല്‍ ഏറ്റുമുട്ടല്‍ നിര്‍ത്തിവെക്കാമെന്ന നിലപാടിലാണ് ഹൂതികള്‍. ഐക്യരാഷ്ട്ര സഭാ നീക്കങ്ങളുമായി സഹകരിക്കുമെന്ന് സൗദി സഖ്യസേനയും വ്യക്തമാക്കിയിരുന്നു. മേഖലയിലെ ഏറ്റുമുട്ടല്‍ കേന്ദ്രങ്ങളില്‍ ഗ്രഫിത്ത് സന്ദര്‍ശനം നടത്തി. യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌണ്‍സിലില്‍ ബ്രിട്ടണ്‍ അവതരിപ്പിച്ചിരുന്നു. നാളെ നടക്കുന്ന പ്രാരംഭ ചര്‍ച്ചകളെ പ്രതീക്ഷയോടെ കാണുകയാണ് ലോകം.