Writer - razinabdulazeez
razinab@321
ദുബൈ: ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ, ലബനാനു വേണ്ടി പ്രഖ്യാപിച്ച സഹായ ശേഖരണ ക്യാംപയിൻ അവസാനിപ്പിച്ച് യുഎഇ. ലബനാനിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിന്റെ ഭാഗമായാണ്, അൽ ഇമാറാത്തു മഅക യാ ലബനാൻ അഥവാ, ലബനാൻ എമിറേറ്റ് നിങ്ങൾക്കൊപ്പമുണ്ട് എന്ന ക്യാംപയിന് യുഎഇ തുടക്കം കുറിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ക്യാംപയിന്റെ ആരംഭം. ജനുവരി ആറു വരെ നടന്ന സമാഹരണ യജ്ഞത്തിൽ ആറായിരം ടൺ അവശ്യവസ്തുക്കളാണ് ശേഖരിച്ചത്. 19 കോടി ദിർഹവും സമാഹരിച്ചു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളോടും സ്വകാര്യ മേഖലയിലേത് അടക്കമുള്ള സ്ഥാപനങ്ങളോടും ക്യാംപയിന്റെ ഭാഗമാകാൻ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി, എല്ലാ എമിറേറ്റുകളിലും സഹായ ശേഖരണ ക്യാംപയിനുകൾ നടന്നു. ആയിരക്കണക്കിന് പേരാണ് ഇവിടങ്ങളിൽ സഹായവസ്തുക്കളുമായി എത്തിയത്. എമിറേറ്റ് റെഡ് ക്രസന്റ്, സായിദ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ തുടങ്ങി ഇരുപതിലേറെ സന്നദ്ധ സംഘടനകൾ പരിപാടിയുടെ ഭാഗമായി. അവശ്യസാധനങ്ങൾ പാക്ക് ചെയ്യാനായി നൂറു കണക്കിന് വളണ്ടിയർമാരാണ് സ്വയം സന്നദ്ധരായി ശേഖരണ കേന്ദ്രങ്ങളിലെത്തിയത്.
ദുരിതം നേരിടാൻ നൂറു ദശലക്ഷം യുഎസ് ഡോളറിന്റെ അടിയന്തര സഹായമാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ലബനാനു വേണ്ടി പ്രഖ്യാപിച്ചിരുന്നത്. ഭവനരഹിതരായി സിറിയയിലേക്ക് കുടിയേറിയ ലബനാനികൾക്കു വേണ്ടി മുപ്പത് ദശലക്ഷം ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു. മൂന്നു മാസ ക്യാംപയിനിടെ യുഎഇയിൽ നിന്നുള്ള സഹായം വഹിച്ച് ഇരുപത്തിരണ്ട് വിമാനങ്ങളും രണ്ട് കപ്പലുകളുമാണ് ബൈറൂത്തിലെത്തിയത്. ഭക്ഷണം, മരുന്ന്, പുതപ്പ്, മറ്റു അവശ്യവസ്തുക്കൾ എന്നിവയാണ് ഇക്കാലയളവിൽ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ സഹായത്തോടെ യുഎഇ വിതരണം ചെയ്തത്.