Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷൻ ഇന്ന് തുറന്നു. മലയാളികളടക്കമുള്ള നിരവധി വിദേശികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ബത്ഹ. ബ്ലൂ ലൈനിലാണ് ബത്ഹ മെയിൻ സ്റ്റേഷൻ വരുന്നത്. മെട്രോ സേവനം ആരംഭിക്കുമ്പോൾ ഈ സ്റ്റേഷന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയായിരുന്നില്ല. ഇന്ന് മുതലാണ് ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചത്. ഇതോടൊപ്പം ബ്ലൂ ലൈനിലെ മറ്റ് രണ്ട് സ്റ്റേഷനുകളും തുറന്നിട്ടുണ്ട് അൽ വുറൂദ്, മുറബ്ബ നാഷണൽ മ്യൂസിയംഎന്നിവയാണവ.
ഓറഞ്ച് ലൈനിൽ 2 സ്റ്റേഷനുകൾ കൂടി ഇന്ന് തുറന്നു. ളഹ്റത്ത് അൽ ബദിയ, അൽ ജറാദിയ്യ എന്നിവയാണവ. പുതിയ സ്റ്റേഷനുകൾ തുറക്കുന്നതോടെ മെട്രോ സേവനം കൂടുതൽ സജീവമാകും. സൗജന്യ പാർക്കിങ്, സൗജന്യ ടാക്സി സേവനം തുടങ്ങി നിരവധി സംവിധാങ്ങളും മെട്രോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദർബ് കാർഡ് ഉപയോഗിച്ചാണ് മെട്രോയിൽ യാത്ര ചെയ്യുക. റിയാദ് മെട്രോ സ്റ്റേഷനിലെത്തി നേരിട്ടോ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച മെഷീൻ വഴിയോ കാർഡ് ലഭ്യമാണ്. ദർബ് കാർഡിന് പകരം എടിഎം കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. 2 മണിക്കൂറിന് ട്രെയിനും ബസ്സും ഉപയോഗിക്കാൻ 4 റിയാൽ മാത്രമാണ് ചാർജ്.