ശൈഖ് ഹംദാന് കണ്ണീരോടെ വിടചൊല്ലി യു.എ.ഇ
ദുബൈ ഉമ്മു ഹുറൈർ ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.
ദുബൈ ഉപ ഭരണാധികാരിയും യു.എ.ഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂമിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സാബീൽ പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ നിരവധി പ്രമുഖർ പെങ്കെടുത്തു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, മക്തൂം കുടുംബത്തിലെ മറ്റംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ഡോ.ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവരും പ്രിയ നേതാവിന് അവസാന യാത്രാമൊഴി നേരാൻ എത്തിയിരുന്നു.
ദുബൈ ഉമ്മു ഹുറൈർ ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പുറമെ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാത്രി യു.എ.ഇയിലെ എല്ലാ പള്ളികളിലും ശൈഖ് ഹംദാനു വേണ്ടി പ്രത്യേക പ്രാർഥന നടന്നു. അരനൂറ്റാണ്ട് യു.എ.ഇയുടെ സാമ്പത്തിക മന്ത്രാലയത്തിന്‍റെ ചുക്കാൻ പിടിച്ച നേതാവിനെ കണ്ണീരോടെ യാത്രയയക്കുകയായിരുന്നു ദുബൈ നഗരം.