ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് മസ്കത്തില്‍
യമന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മധ്യസ്ഥ ചർച്ചകൾ തുടരുന്നതിന്‍റെ ഭാഗമായാണ് യു.എൻ പ്രതിനിധിയുടെ സന്ദർശനം
യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് മസ്കത്തിലെത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യു.എൻ പ്രതിനിധിയെ സ്വീകരിച്ചു. യമനിലെ സ്ഥിതിഗതികളും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
വെടി നിർത്തൽ, സൻആ വിമാനത്താവളം തുറക്കൽ, ഹുദൈദ തുറമുഖം വഴി ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും യമനിലേക്ക് എത്തിക്കൽ തുടങ്ങിയ വിഷയങ്ങളിൽ മധ്യസ്ഥ ചർച്ചകൾ തുടരുന്നതിന്‍റെ ഭാഗമായാണ് യു.എൻ പ്രതിനിധിയുടെ സന്ദർശനം.
പ്രതിസന്ധി പരിഹരിച്ച് മേഖലയിൽ ഭദ്രതയും സുരക്ഷയും ഉറപ്പാക്കാൻ യമനിൽ പോരടിക്കുന്നവർ തമ്മിലെ രാഷ്ട്രീയ പരിഹാര ചർച്ചകൾ പുനരാരംഭിക്കുന്നതടക്കം ഒമാൻ വിദേശകാര്യ മന്ത്രിയും യു.എൻ പ്രതിനിധിയും ചർച്ച ചെയ്തു.
രാഷ്ട്രീയ നടപടിക്രമങ്ങളിലൂടെ യമനിൽ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്ര സഭ നടത്തിവരുന്ന ശ്രമങ്ങൾക്ക് ഒമാൻ നൽകുന്ന പിന്തുണയ്ക്ക് മാർട്ടിൻ ഗ്രിഫിത്ത് നന്ദിയറിയിച്ചു. ഹൂതി വിഭാഗമായ അൻസാറുല്ലയുടെ പ്രതിനിധി അബ്ദുസലാം സലാഹുമായും മാർട്ടിൻ ഗ്രിഫിത്ത് മസ്കത്തിൽ കൂടികാഴ്ച നടത്തി.