കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് മസ്ജിദുന്നബവിയില്‍ പ്രവേശനമില്ല

പെർമിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും, നമസ്‌കരിക്കാൻ എത്തുന്നവർക്ക് 1,000 റിയാലും പിഴ ചുമത്തും.

Update: 2021-04-10 02:46 GMT
Advertising

റമദാനെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. അനുമതിപത്രമില്ലാതെ മക്കയിലെ ഹറം പള്ളിയിലെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

പെർമിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും, നമസ്‌കരിക്കാൻ എത്തുന്നവർക്ക് 1,000 റിയാലുമാണ് പിഴ ചുമത്തുക. കോവിഡ് അവസാനിച്ച് ജനജീവിതം സാധാരണ നിലയിലെത്തുന്നത് വരെ ഈ സ്ഥിതി തുടരും. ഇഅ്തമർനാ, തവക്കൽനാ ആപ്പ് വഴിയാണ് ഹറമുകളിൽ പ്രവേശിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്നത്. കോവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്കും, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കും, ആറ് മാസത്തിനിടെ കോവിഡ് ഭേദമായവർക്കും മാത്രമേ അനുമതി ലഭിക്കൂ.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മസ്ജിദുൽ ഹറമിലും മുറ്റങ്ങളിലും പ്രവർത്തനശേഷിക്കനുസൃതമായി സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. അതിനാൽ തന്നെ മക്കയിലേക്കുള്ള ചെക്ക് പോസ്റ്റുകളിലും, നടപാതകളിലുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകും. റമദാൻ ഒന്ന് മുതൽ മദീനയിലെ മസ്ജിദുനബവിയിലേക്കും മുറ്റങ്ങളിലേക്കും പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിൻ നിർബന്ധമാക്കിയിട്ടുണ്ട്. റമദാനിൽ മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികൾക്ക് മൂന്ന് മില്യൺ ബോട്ടിൽ സംസം ജലം വിതരണം ചെയ്യുമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News