25 ലോക റെക്കോർഡുകൾ: ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ സിൽവർ ജൂബിലി സീസണ് സമാപനം
അടുത്ത സീസൺ ഒക്ടോബറിൽ തുടങ്ങും
25 ലോക റെക്കോർഡുകൾ സ്ഥാപിച്ച് ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ സിൽവർ ജൂബിലി സീസണ് സമാപനം. 20 സ്കൈ ഡൈവർമാർ ആകാശത്ത് നടത്തിയ വിസ്മയകരമായ കരിമരുന്ന് പ്രയോഗമായിരുന്നു 25ാമത്തെ ലോക റെക്കോർഡ്.
15,000 അടി ഉയരത്തിൽ നിന്ന് ചാടി 20 ആകാശ ചാട്ടക്കാർ തീർത്ത കരിമരുന്ന് പ്രയോഗം. ഗ്ലോബൽ വില്ലേജിൽ അണിനിരക്കുന്ന 78 സംസ്കാരങ്ങളെ സൂചിപ്പിക്കുന്ന 78 കരിമരുന്ന് പ്രയോഗങ്ങളാണ് ഇവർ ആകാശത്ത് കാഴ്ച വെച്ചത്.ലോകത്തെ ഏറ്റവും ഉയരത്തിൽ നടക്കുന്ന സ്കൈ ഡൈവിങ് ഫയർ വർക്ക് എന്ന ഗിന്നസ് റെക്കോർഡും ഇതോടെ ദുബൈ ഗ്ലോബൽ വില്ലേജ് സ്വന്തമാക്കി.
ഒക്ടോബറിൽ ആരംഭിച്ച സീസണിൽ ഇരുപത്തിയഞ്ചാം വാർഷികത്തെ കുറിക്കുന്ന 25 റെക്കോർഡുകൾ സ്ഥാപിക്കുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആറ് മാസം കൊണ്ട് ഈ റെക്കോർഡുകൾ കരസ്ഥമാക്കി. റെക്കോർഡ് വെടിക്കെട്ടിന്‍റെ സ്വിച്ച് ഓൺ സിഇഒ ബദർ സവാഹി നിർവഹിച്ചു. സീസൺ പൂർത്തിയാക്കി അടച്ച ഗ്ലോബൽ വില്ലേജ് ഇനി വേനലിന് ശേഷം ഇരുപത്തിയാറാം സീസണായി ഒക്ടോബറിൽ തുറക്കും.