ഇരുന്ന് കഴിക്കാം: കുവൈത്തില്‍ റസ്റ്റോറന്‍റുകള്‍ സജീവമാകുന്നു

ഹോം ഡെലിവറി സർവീസിൽ ഒതുങ്ങുകയായിരുന്ന കുവൈത്തിലെ റെസ്റ്റോറന്‍റുകളിൽ അടുത്ത ഞായറാഴ്ച മുതൽ തീന്മേശകളും സജീവമാകും

Update: 2021-05-22 03:52 GMT
By : Web Desk
Advertising

കുവൈത്തിൽ ദീർഘനാളായി പ്രതിസന്ധിയിലായിരുന്ന റെസ്റ്റോറന്‍റ് മേഖല വീണ്ടും സജീവമാകുകയാണ്. ഡൈൻ ഇൻ സേവനങ്ങൾക്ക് മന്ത്രിസഭ അനുമതി നൽകിയതാണ് റെസ്റ്റോറന്‍റ് മേഖലയിലെ ഉണർവിനു കാരണം. ഞായറാഴ്ച മുതൽ ഉപഭോക്താക്കളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ഭക്ഷണശാലകൾ.

ഏറെ നാളായി ഹോം ഡെലിവറി സർവീസിൽ ഒതുങ്ങുകയായിരുന്ന കുവൈത്തിലെ റെസ്റ്റോറന്റുകളിൽ അടുത്ത ഞായറാഴ്ച മുതൽ തീന്മേശകളും സജീവമാകും . ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു ഡൈൻ ഇൻ ഒരുക്കാൻ മന്ത്രിസഭ അനുമതി നൽകിയതോടെ കസ്റ്റമേഴ്‌സിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് റസ്റ്റോറന്റുകൾ . രാവിലെ അഞ്ചു മണി മുതൽ രാത്രി എട്ടു മണി വരെയാണ് ഡൈൻ ഇൻ അനുമതി ഉള്ളത് . ദീർഘനാളായി വലിയ പ്രതിസന്ധിയിലായിരുന്ന സ്ഥാപനങ്ങൾക്ക് ഇതുതന്നെ വലിയ ആശ്വാസമാണ്.

കുവൈത്തിൽ നിരവധി മലയാളികൾ തൊഴിലെടുക്കുന്ന മേഖലയായ റെസ്റ്റോറന്‍റ്  കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചു പൂട്ടലിന്‍റെ വക്കിലായിരുന്നു. വിദേശികളുടെ പ്രവേശന വിലക്ക് നീക്കി വിമാന സർവീസ് സാധാരണ നിലയിലായാലേ പ്രതിസന്ധിക്ക് കാര്യമായ അയവുവരൂ. എന്നാലും നിയന്ത്രങ്ങളിൽ ഇളവ് വരുത്തിയ തീരുമാനം പകരുന്ന ആശ്വാസം ചെറുതല്ലെന്നാണ് റെസ്റ്റോറന്‍റ് ഉടമകൾ പറയുന്നത് .

Tags:    

By - Web Desk

contributor

Similar News