കുവൈത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ കൂടുതലും പ്രതിരോധ കുത്തിവെപ്പെടുക്കാത്ത വിദേശികളെന്ന് വെളിപ്പെടുത്തൽ
ശനിയാഴ്ച 1388 പേർക്കാണ് കുവൈത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
കുവൈത്തിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ കൂടുതലും പ്രതിരോധ കുത്തിവെപ്പെടുക്കാത്ത വിദേശികളെന്ന് വെളിപ്പെടുത്തൽ. ഉന്നത കോവിഡ് കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറല്ല ആണ് ഇക്കാര്യം പറഞ്ഞത്. കുത്തിവെപ്പിന് അപ്പോയിന്‍മെന്‍റ് ലഭിച്ചവർ സമയക്രമം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശനിയാഴ്ച 1388 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
പുതിയ കേസുകളിൽ ഏറെയും ഇൻവെസ്റ്റ്മെൻറ് റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്ന വിദേശികളാണെന്നാണ് കോവിഡ് കമ്മിറ്റി മേധാവിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് . കുത്തിവെപ്പിന് അനുവദിച്ച സമയക്രമം പാലിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഡോ ഖാലിദ് അൽ ജാറല്ല ആവശ്യപ്പെട്ടു. എസ്.എം.എസ് വഴി ആണ് കുത്തിവെപ്പിനുള്ള സമയം അയക്കുന്നത് നിശ്ചിത സമയത്ത് തന്നെ കുത്തിവെപ്പ് കേന്ദ്രത്തിൽ എത്തണം. പലരും അപ്പോയിൻമെന്‍റ് നൽകിയ സമയത്തല്ല കുത്തിവെപ്പെടുക്കാൻ വരുന്നത്. ഇത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞിട്ടില്ല. സാമൂഹിക അകലം പാലിച്ചും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചും ജനങ്ങൾ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയൂവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 25393 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് . ഇതിൽ 250 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.