സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിൽ ഇത്തവണയും വര്‍ധനവ്
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്
സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിൽ ഇത്തവണയും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ സൗദി സ്വദേശികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ ഇത്തവണയും കുറവ് രേഖപ്പെടുത്തി.
വിദേശ റെമിറ്റന്‍സില്‍ വര്‍ധനവ് തുടരുന്നു. 35 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സാമയുടെ മാസാന്ത റിപ്പോര്‍ട്ടിലാണ് വര്‍ധനവ്. സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് വിദേശ പണമിടപാടില്‍ പോയ മാസവും വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച തുകയിലാണ് ഇത്തവണയും വര്‍ധനവ് രേഖപ്പെടുത്തിയത്.
ഏപ്രില്‍ മാസത്തില്‍ സൗദിയില്‍ നിന്നും വിദേശികള്‍ 1328 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 979 കോടി റിയാല്‍ അയിരുന്നിടത്താണ് ഗണ്യമായ വര്‍ധനവ്. 35.6 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചിലെ ഇടപാടിനേക്കാള്‍ 5.5 ശതമാനത്തിന്‍റെ കുറവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ജൂണ്‍ മുതലാണ് തുടര്ച്ചയായി വിദേശ റെമിറ്റന്‍സില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. ഇത്തവണയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവ് രേഖപ്പെടുത്തി.