രണ്ടര വര്‍ഷം ശമ്പളമില്ലാതെ ജോലി: ദുരിതത്തിലായ തമിഴ്നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി
തമിഴ്‌നാട് തിരുച്ചിറപള്ളി സ്വദേശി വാസന്തിയാണ് എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്.
സൗദിയിലെ റിയാദില്‍ രണ്ടര വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്ത് ദുരിതത്തിലായ വീട്ട് ജോലിക്കാരി നാട്ടിലേക്ക് മടങ്ങി. തമിഴ്‌നാട് തിരുച്ചിറപള്ളി സ്വദേശി വാസന്തിയാണ് എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്.
നാല് വര്‍ഷം മുമ്പാണ് വാസന്തി പ്രഭാകരന്‍ റിയാദില്‍ വീട്ട് ജോലിക്കായി എത്തിയത്. തുടക്കത്തില്‍ സ്‌പോണ്‍സര്‍ തുച്ചമായ ശമ്പളം നല്‍കിയെങ്കിലും പിന്നീട് അതും ലഭിക്കാതായതോടെയാണ് ദുരിതത്തിലായത്. ഒടുവില്‍ സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ ഇവരെ മാനസിക അസ്വാസ്ഥ്യങ്ങളോടെ റിയാദിലെ ബത്തയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകരാണ് കണ്ടെത്തിയത്.
റിയാദ് ഇന്ത്യന്‍ എംബസിയില്‍ എത്തിച്ച ഇവരെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമിലെത്തിച്ചു. ശേഷം എംബസി വലണ്ടിയര്‍മാരായ മഞ്ജുവിന്റെയും മണിക്കുട്ടന്റെയും നേതൃത്വത്തില്‍ ദമ്മാം നാട് കടത്തല്‍ കേന്ദ്രം വഴി ഫൈനല്‍ എക്‌സിറ്റ് നേടി. എംബസി വിമാന ടിക്കറ്റ് കൂടി നല്‍കിയതോടെ ദുരിതങ്ങള്‍ മറന്ന് സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് വാസന്തി ഇന്ന് നാട്ടിലേക്ക് മടങ്ങി.