സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു
കോട്ടയം, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്, ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ പരിക്കുകളോടെ ചികിത്സയിലാണ്
സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കോട്ടയം, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ഇരുവരെയും മരണം തട്ടിയെടുത്തത്. അപകടത്തിൽപെട്ട കാറിന്റെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് മലയാളികൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെ നഴ്‌സുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. നജ്റാനിലെ താറിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നഴ്‌സുമാരായ കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ(31) എന്നിവർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരായ റിൻസി ആലപ്പുഴ, സ്നേഹ തിരുവനന്തപുരം എന്നിവരെ ഗുരുതര പരിക്കുകളോടെ നജ്റാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വാഹനത്തിന്റെ ഡ്രൈവറായ അലപ്പുഴ സ്വദേശി അജിത്ത് പരിക്കുകളോടെ നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. സുഹൃത്തുക്കളുമൊത്ത് അവധി ദിവസം ചെലവഴിക്കാൻ പുറത്തുപോയി മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ താർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളും സാമൂഹ്യപ്രവർത്തകരും രംഗത്തുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.