ബിസിനസ് നടപടിക്രമങ്ങൾ സ്വദേശത്ത് നിന്ന് തന്നെ പൂർത്തീകരിക്കാം: നാട്ടിൽ കുടുങ്ങിയ സംരംഭകർക്ക് ആശ്വാസവുമായി യുഎഇ
ദുബൈ കോടതിയുടെ ബോട്ടിം വീഡിയോ കോൾ സംവിധാനത്തിലൂടെ ഇനി ലോകത്ത് എവിടെയിരുന്നും ബിസിനസ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാം
കോവിഡ് കാരണം നാട്ടിൽ കുടുങ്ങിയ സംരംഭകർക്ക് ആശ്വാസവുമായി യുഎഇ. ബിസിനസ് സംബന്ധിച്ച സാങ്കേതിക നടപടി ക്രമങ്ങൾ സ്വദേശത്ത് നിന്ന് തന്നെ പൂർത്തീകരിക്കാനുള്ള സംവിധാനമാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. ദുബൈ കോടതിയുടെ ബോട്ടിം വീഡിയോ കോൾ സംവിധാനത്തിലൂടെ ഇനി ലോകത്തു എവിടെയിരുന്നും ബിസിനസ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാം.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നും യു എ ഇയിലേക്ക് യാത്രാവിലക്ക് തുടരുകയാണ്. ഇതു കാരണം ദുബൈയിലേക്ക് വരാൻ കഴിയാതെ പല ബിസിനസുകാരും അവരവരുടെ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ബാങ്ക് സംബന്ധമായ ഇടപാടുകൾക്ക് പുറമെ ലൈസൻസ് മാറ്റങ്ങൾ, ഇടപാടുകൾ എന്നിവ സ്വദേശത്ത് നിന്നു കൊണ്ട് തന്നെ ചെയ്യാനും പുതിയ ലൈസൻസ് നേടാനും പ്രയാസമില്ല. നേരിട്ട് ഹാജരാകുന്നതിന് പകരം ദുബൈ കോർട്ടിന്‍റെ ഡിജിറ്റൽ സംവിധാനമായ ബോട്ടിം വീഡിയോകാൾ സംവിധാനം ഉപയോഗിച്ചു സ്വദേശത്ത് ആയാലും മറ്റ് മിഡിലീസ്റ്റ് രാജ്യങ്ങളിലായാലും നടപടിക്രമം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രമുഖ ബിസിനസ്സ് സെറ്റപ്പ് കമ്പനിയായ എമിറേറ്റ്സ് പ്രൊഫഷനൽ ബിസിനസ് സെന്റർ മാനേജിംഗ് ഡയറക്ടര്‍മാരായ ഫായിസ് റഫ, സാഹിൽ മുഹമ്മദ് എന്നിവർ അറിയിച്ചു.
പ്രവാസികൾക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചു കൊണ്ടുള്ള പുതിയ നിയമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. ഇത് പ്രകാരം പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളതിൽ മാറ്റം വരുത്താനും എമിറേറ്റ്സ് പ്രൊഫഷനൽ ബിസിനസ് സെന്റർ ആവശ്യമായ സഹായം ഉറപ്പു വരുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.