മടങ്ങിയെത്താൻ കൊള്ളനിരക്ക്; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
ഓണത്തോടനുബന്ധിച്ച് വീണ്ടും നിരക്ക് കൂടിയേക്കും
ദുബൈ: ഗൾഫിൽ വേനൽ അവധിക്കാലം അവസാനിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ നാട്ടിൽ നിന്ന് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന കമ്പനികള്‍ നിരക്ക് കൂട്ടി. അടുത്ത മാസം ആദ്യ ആഴ്ച വരെ അമിത നിരക്ക് ഈടാക്കാനാണ് വിവിധ എയർലൈൻസുകളുടെ നീക്കം. ഓണം ഉൾപ്പെടെയുള്ള ആഘോഷം കൂടി മുൻനിർത്തി നിരക്കുവർധന പിന്നെയും തുടരാൻ തന്നെയാകും സാധ്യത.
സീസൺകാലത്ത് കൊയ്ത്തിന് കാത്തിരിക്കുന്ന പതിവ് എയർലൈൻ കമ്പനികൾ ഇക്കുറിയും തെറ്റിച്ചില്ല. വേനൽ അവധി തീർത്ത് മടങ്ങിയെത്തുന്നവരെ ലക്ഷ്യമിട്ട് വിമാന ടിക്കറ്റ്നിരക്കിൽ ഇരട്ടിയിലേറെ വർധനവാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്. അതേ സമയം ഗൾഫിൽ നിന്ന് നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങി. ഈമാസം അവസാനം ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക്പോകാൻ 350 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. എന്നാൽ മടങ്ങിയെത്തുന്നതിന് 2000 ദിർഹമിലേറെ നൽകണം. ഈ മാസാവസാനത്തിലാണ് യു.എ.ഇയിലെ സ്കൂളുകൾ തുറക്കുക. അതു മുൻകൂട്ടി കണ്ടാണ് എയർലൈൻ കമ്പനികളുടെ ചൂഷണം.
അവധിക്കാലം തുടങ്ങിയതു മുതൽ യു.എ.ഇയിൽ നിന്ന് നാട്ടിലേക്കാണ് അമിത നിരക്ക് ഈടാക്കിയിരുന്നത്. 2400 ദിർഹം വരെ നൽകിയാണ് എക്കോണമി ക്ലാസിൽ പലരും നാട്ടിലെത്തിയത്. ഒന്നിലേറെ അംഗങ്ങളുള്ള കുടുംബങ്ങൾക്ക്ലക്ഷക്കണക്കിന്രൂപയുടെ അധിക ചെലവാണ് പലർക്കും വന്നത്. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്താൻ അതിുലറെ നൽകേണ്ട സാഹചര്യമാണുള്ളത്.
ഈമാസം അവസാനവാരത്തിലാണ്കൂടുതൽ നിരക്ക്. 1800 ദിർഹം മുതലാണ് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് ടിക്കറ്റ്. വരും ദിവസങ്ങളിൽ നിരക്ക്ഇനിയും കുതിക്കും.
അവധിക്കാലങ്ങളിലെ അന്യായ ടിക്കറ്റ്നിരക്കു വർധനതടയാൻ സർക്കാർ യാതൊരു നീക്കവും നടത്താറില്ല. വിമാന കമ്പനികൾക്ക് ലാഭം കൊയ്യാൻ കേന്ദ്രസർക്കാർ പ്രത്യക്ഷത്തിൽ കൂട്ടുനിൽക്കുകയാണെന്ന പരാതിയാണ് പ്രവാസികൾക്കുളളത്.